ഒളിമങ്ങാത്ത പ്രതാപവുമായി സ്രാമ്പ്യകള്‍
മലപ്പുറം: ഗ്രാമങ്ങളിലെ പ്രതാപത്തിന്റെ കാഴ്ചകളാണ് സ്രാമ്പ്യകള്‍. മുസ്‌ലിം ഭവനങ്ങളോടും കൃഷിയിടങ്ങളോടും ചേര്‍ന്നു മരംകൊണ്ട് മട്ടുപ്പാവ് കെട്ടി ഉയരത്തില്‍ നിര്‍മിക്കുന്ന സ്രാമ്പ്യ പഴയകാലത്തിന്റെ പ്രതാപം വിളിച്ചോതി അപൂര്‍വം സ്ഥലങ്ങളില്‍ ഇന്നുമുണ്ട്.
നിസ്‌കരിക്കാനും വിശ്രമിക്കാനും യാത്രക്കാര്‍ക്ക് ഒരിടത്താവളവുമായി സ്രാമ്പ്യകള്‍ പുരാതന മുസ്‌ലിം ഭവനങ്ങളോടു ചേര്‍ന്നു സ്ഥാപിച്ചു വരിക പതിവായിരുന്നു. നിര്‍മാണചാരുത കൊണ്ട് ഏറെ ആകര്‍ഷകവും മനോഹരവുമായിരുന്നു മരത്തടി കൊണ്ട് നിര്‍മിച്ച സ്രാമ്പ്യകള്‍. പത്തോ അധിലധികമോ ആളുകള്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യങ്ങളാണ് സ്രാമ്പ്യകളിലുണ്ടാവുക. പണിക്കാരും വഴിയാത്രക്കാരുമായ വിശ്വാസികള്‍ക്ക് നിസ്‌കാരം നിര്‍വഹിക്കുന്നതിനു സൗകര്യപ്രദമായാണ് പലയിടത്തും സ്രാമ്പ്യ രൂപം കൊണ്ടത്. ദീര്‍ഘ യാത്രക്കായി കാല്‍നടയാത്രക്കാര്‍ക്ക് വഴിയിടങ്ങളിലെ സ്രാമ്പ്യകള്‍ നിസ്‌കാരം നിര്‍വഹിക്കുന്നതിനു സഹായകമായി.
കൊച്ചു സ്രാമ്പ്യകളില്‍ ഒറ്റയായും അതാത് സമയം വരുന്നവര്‍ ജമാഅത്തായും നിസ്‌കരിക്കുകയാണ് പതിവ. മിക്കയിടത്തും കുളങ്ങളോ, വെള്ളം സുലഭമായ അരുവികളോടോ ചേര്‍ന്നാണ് ഇവ നിര്‍മിക്കുന്നത്. മരം കൊണ്ടോ കല്ലുകൊണ്ടോ കാലു തീര്‍ത്ത് ഉയര്‍ത്തിക്കെട്ടി അതിന്‍മേല്‍ മരപ്പലക കൊണ്ട് കെട്ടിയുയര്‍ത്തുന്നതാണ് സ്രാമ്പ്യ നിര്‍മിക്കുന്നത്. ചുമരുകളും മേല്‍ക്കൂരയും മരത്തടി കൊണ്ടു തന്നെ നിര്‍മിക്കുന്നു. മരത്തടി കൊണ്ടുള്ള മേല്‍ക്കൂരയില്‍ ഓലയോ ഓടോ പാകുകയാണ് ചെയ്യുക. കൃഷിയിടത്തില്‍ ജോലികഴിഞ്ഞു തൊട്ടടുത്ത വെള്ളക്കെട്ടില്‍ നിന്നും അംഗശുദ്ധി വരുത്തി നിസ്‌കാരവും വിശ്രമവും കഴിഞ്ഞു മടങ്ങുമ്പോള്‍ ജോലിക്കാരും തൃപ്തരാകും. ചിലയിടത്തെങ്കിലും ഈ പ്രതാപ കാഴ്ചകള്‍ ഇന്നും ഒളിമങ്ങാതെ കാത്തുപോരുന്നുണ്ട്. ഇത്തരം കൊച്ചു സ്രാമ്പ്യകള്‍ പുതുക്കിപണിതും വിശാലപ്പെടുത്തിയും പലയിടത്തും പിന്നീട് നിസ്‌കാരപ്പള്ളികളായി ഉയര്‍ത്തി. സ്രാമ്പ്യകളെ സൂചിപ്പിച്ചു സ്രാമ്പ്യ ബസാര്‍, സ്രാമ്പ്യപ്പടി എന്നിങ്ങനെ സ്ഥലനാമവും സ്രാമ്പിക്കല്‍, സ്രാമ്പിവളപ്പില്‍ തുടങ്ങിയ വീട്ടുപേരുകളും പലയിടത്തുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."