പാലാട്ട് എ.യു.പി സ്‌കൂളും അടച്ചുപൂട്ടി
കോഴിക്കോട്: ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കോഴിക്കോട്ടെ പാലാട്ട് എ.യു.പി സ്‌കൂളും അടച്ചുപൂട്ടി. സ്‌കൂളിലെ വിദ്യാര്‍ഥികളെ താല്‍ക്കാലികമായി സമീപത്തെ തിരുവണ്ണൂര്‍ ജി.യു.പി സ്‌കൂളിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് എ.ഇ.ഒയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സ്‌കൂളിലെത്തി അടച്ചുപൂട്ടല്‍ നടപടി പൂര്‍ത്തിയാക്കിയത്.
ഈ മാസം പത്തിനകം സ്‌കൂള്‍ അടച്ചുപൂട്ടി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി വീണ്ടും ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് അധികൃതരുടെ നടപടി.
മലാപ്പറമ്പ് സ്‌കൂളിനു പിന്നാലെ ഈ സ്‌കൂളും അടച്ചുപൂട്ടാനുള്ള ശ്രമം ആരംഭിച്ചതിനേത്തുടര്‍ന്ന് സമരസമിതിക്ക് രൂപം നല്‍കി ശക്തമായ പ്രക്ഷോഭ സമരമാണ് ഇവിടെ നടന്നിരുന്നത്. ഇതിനു മുന്‍പ് രണ്ടു തവണ നടപടി പൂര്‍ത്തിയാക്കാനെത്തിയ എ.ഇ.ഒക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോകേണ്ടി വന്നിരുന്നു.
ഈ സ്‌കൂള്‍ ഉള്‍പ്പെടെ നാല് എയ്ഡഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചതില്‍ ഇത്തവണ കാര്യമായ പ്രതിരോധങ്ങളുണ്ടായില്ല. 17വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഈ വര്‍ഷവും ഇവിടെ അഡ്മിഷന്‍ എടുത്തിരുന്നു. തിരുവണ്ണൂര്‍ സ്‌കൂളില്‍ തയാറാക്കിയ താല്‍ക്കാലിക സംവിധാനത്തില്‍ പുതിയ സര്‍ക്കാര്‍ നടപടിക്ക് കാത്തിരിക്കുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."