മുല്ലപ്പള്ളിയുടെ വിലക്ക് ലംഘിച്ച് നേതാക്കള്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ സി.പി.എമ്മുമായി യോജിച്ചുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിലക്കിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംയുക്ത പ്രതിഷേധ റാലികളിലും മാര്‍ച്ചുകളിലും സി.പി.എം നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രതിഷേധിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. എന്നാല്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് ഭീഷണി മുഴക്കുന്ന മുല്ലപ്പള്ളിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
ഭരണഘടനാ സംരക്ഷണ സമിതിയുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസുകാര്‍ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ദിവസം വടകര ഓര്‍ക്കാട്ടേരിയില്‍ സംയുക്ത റാലിക്ക് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് നേതാവായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയും സംസ്ഥാന, ജില്ലാ നേതാക്കള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുത്തുവരികയാണ്. ഇന്നലെ പേരാമ്പ്രയില്‍ സി.പി.എം നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് നടത്തിയ ദേശരക്ഷാ റാലിയില്‍ കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കള്‍ പങ്കെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ട് പൗരാവലി സംഘടിപ്പിച്ച മഹാറാലിയിലും കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. സി.പി.എമ്മുകാരനായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് സംഘാടകസമിതി ചെയര്‍മാനായ റാലിയില്‍ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."