ബുലന്ദ്ഷഹര്‍ കൊലപാതകം: മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍
ലഖ്നൗ: ബുലന്ദ്ഷഹറില്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ട ആള്‍ക്കൂട്ട ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ബജ്രംഗ്ദള് നേതാവ് യോഗേഷ് രാജ് അറസ്റ്റില്‍. ആക്രമണം നടന്ന് ഒളിവില്‍പോയ യോഗേഷ് രാജിനെ ബജ്രംഗ് ദള്‍ നേതാക്കളും സംഘടനയും ഇടപെട്ട് പൊലിസിന് കൈമാറുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കെണിയൊരുക്കി ബുലന്ദ്ഷഹറിലെ പ്രസിദ്ധ കോളജില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലിസ് പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ബുലന്ദ്ശഹറില്‍ നിന്ന് 20 കി.മീ അകലെയുള്ള ഖുര്ജായിലേക്ക് പോകാന്‍ ഇദ്ദേഹത്തിന് പദ്ധതിയുണ്ടെന്ന വിവരം ലഭിച്ചെന്നും തുടര്‍ന്ന് ആസൂത്രിതമായി പിടികൂടിയെന്നും പൊലിസ് പറഞ്ഞു. ആക്രമണം നടന്ന് 30 ദിവസത്തിന് ശേഷമാണ് യോഗേഷ് രാജിനെ പൊലിസ് പിടികൂടുന്നത്. അതിനിടെ ഒളി സങ്കേതത്തില്‍ നിന്ന് ഇയാള്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഡിസംബര്‍ മൂന്നിന് കാട്ടിനുള്ളില്‍ കന്നുകാലികളുടെ ജഡം കണ്ടെന്ന് ആരോപിച്ച് യോഗേഷ് രാജ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങള്‍ക്ക് നേതൃത്വംനല്‍കിയത് ഇയാളാണെന്നാണ് ആരോപണം. അക്രമണങ്ങള്ക്കിടെയാണ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ കല്ലെറിയുകയും പിന്നീട് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തിയതും.
ബജ്രംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 400 ആള്‍ക്കൂട്ടമാണ് ആക്രമണത്തിന് പിന്നിലുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പശുവിന്റെ ജഡം കണ്ടെത്തിയതിനെതിരേ ശക്തമായ നടപടിക്ക് ആവശ്യപ്പെട്ടെങ്കിലും പൊലിസുകാരന്റെ കൊലപാതകം ചര്‍ച്ച ചെയ്തിരുന്നില്ല.
യോഗേഷ് രാജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് മുസ്ലിംകളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രണ്ടാഴ്ചത്തെ തടവിന് ശേഷം തെളിവുകളില്ലെന്ന് കണ്ടെത്തി ഇവരെ വിട്ടയക്കുകയായിരുന്നു.ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കാത്ത പൊലിസ് അനാസ്ഥക്കെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് 30 പേരെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതിന് നേതൃത്വം നല്കിയ പ്രശാന്ത് നട്ടിനെ ഡിസംബര്‍ 28ന് ആണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."