ഫൊറന്‍സിക് ലാബില്‍ ഇനി മുതല്‍ കാക്കിയും കേസുകള്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയെന്ന് നിയമവിദഗ്ധര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശാസ്ത്രീയവും നിഷ്പക്ഷവുമായ ഇടപെടലിലൂടെ കേസ് അന്വേഷണങ്ങളില്‍ നിര്‍ണായക ഘടകമായി മാറുന്ന ഫൊറന്‍സിക് ലാബുകളില്‍ പൊലിസുകാരെ തിരുകിക്കയറ്റി ഡി.ജി.പിയുടെ ഉത്തരവ്. സംസ്ഥാനത്ത് ഫൊറന്‍സിക് ലാബുകളില്‍ ഫൊറന്‍സിക് വിദഗ്ധര്‍ക്കു പുറമേ 37 പൊലിസുകാരെ കൂടി നിയമിച്ചാണ് കഴിഞ്ഞ ദിവസം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകളാണ് ഇറങ്ങിയത്. ഫൊറന്‍സിക് ലാബിലെ ഭരണനിര്‍വഹണത്തില്‍ സഹായിക്കുന്നതിനാണ് പൊലിസുകാരെ നിയമിക്കുന്നതെന്നായിരുന്നു ആദ്യ ഉത്തരവിലെ വിശദീകരണം. എന്നാല്‍ രണ്ടാമത്തേതില്‍ സയന്റിഫിക് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് എന്നാക്കി മാറ്റി.
ഡി.ജി.പിയും ക്രൈംബ്രാഞ്ച് മേധാവിയും ചേര്‍ന്ന് അഭിമുഖം നടത്തിയാണ് ഫൊറന്‍സിക് ലാബിലേക്കുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. പി.എസ്.സി വഴി നടത്തേണ്ട നിയമനം ഉന്നതാധികാരികള്‍ നേരിട്ടു നടത്തിയതും വിവാദമായിട്ടുണ്ട്. നിഷ്പക്ഷമായി കൈകാര്യം ചെയ്യേണ്ട ഫൊറന്‍സിക് പരിശോധനകളില്‍ പൊലിസ് ഇടപെടലുണ്ടാകുന്നത് കേസുകളുടെ തുടര്‍ നടപടികളിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കൊലപാതകം, കവര്‍ച്ച പോലുള്ള കേസുകളിലൊക്കെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും നിര്‍ണായകമാകാറുണ്ട്.
പൊലിസ് പ്രതിയാക്കിയവര്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ നിരപരാധിത്വം തെളിയിച്ചതും പൊലിസ് ഉഴപ്പിയ കേസുകളില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രധാന തെളിവായി മാറിയതുമായ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഇതുവരെയും ഫൊറന്‍സിക് പരിശോധനകളില്‍ പൊലിസ് ഇടപെടലിന് യാതൊരുവിധ സാധ്യതയുമുണ്ടായിരുന്നില്ല. റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതക്കായി താല്‍ക്കാലിക ജീവനക്കാരെ പോലും ഫോറന്‍സിക് ലാബുകളില്‍ നിയമിച്ചിരുന്നില്ല. എന്നാല്‍ ഫോറന്‍സിക് ലാബുകള്‍ നേടിയെടുത്ത വിശ്വാസ്യതക്ക് പൊലിസുകാരുടെ നിയമനം മങ്ങലേല്‍പ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."