ഭൂപരിഷ്‌കരണ നിയമത്തിലെ പിതൃത്വം ആര്‍ക്ക്?
ഇടതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭൂപരിഷ്‌കരണ വിഷയത്തില്‍ ചരിത്രം പരസ്പരം പഠിപ്പിച്ചു തുടങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. 1957ല്‍ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 126 സീറ്റില്‍ ഭൂരിപക്ഷം ലഭിക്കാതെ 60 സീറ്റുകളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി േനടിയത്. അഞ്ച് സ്വതന്ത്രരെ ഒപ്പം ചേര്‍ത്ത് ഗവണ്‍മെന്റ് രൂപീകരിച്ചു. കൂറുമാറ്റ നിയമം ഉണ്ടാകാതിരുന്ന അക്കാലത്ത് എം.എല്‍.എമാരുടെ മാര്‍ക്കറ്റ് വില രണ്ടു ലക്ഷം രൂപയായിരുന്നു. കൂറുമാറി വന്നാല്‍ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന് 'എന്റെ ജീവിതകഥ'യില്‍ എ.കെ ഗോപാലന്‍ പുറം 287 പറയുന്നുണ്ട്. ഇപ്പോഴത് ആറ് കോടിയോളം ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയില്‍ കേട്ടത് 600 കോടി ആണെന്നാണ്.
ജന്മിത്വം അവസാനിച്ചു എന്നത് വിപ്ലവാത്മകമായ ഒരു ശുഭവാര്‍ത്തയായി പ്രഖ്യാപിക്കപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത്ത് പില്‍ക്കാലത്ത് നടത്തിയ പഠനത്തില്‍ അരിയാഹാര ലഭ്യതയുടെ കുറവിന് കാരണം ഭൂമി തുണ്ടുകളായി കൃഷിയിടം ഇല്ലാതായത് കൊണ്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അരിയാഹാരം കഴിക്കുന്നവരുടെയൊക്ക സംഖ്യകുറഞ്ഞിട്ടും ആന്ധ്രയുടെ പാടത്ത് വിളയുന്ന നെല്ലുകള്‍ നോക്കിയിരിപ്പാണ് കേരളത്തിലെ ജനങ്ങള്‍. കൂടിയാല്‍ മൂന്നുമാസം കഞ്ഞി കുടിക്കാനുള്ള നെല്ല് മാത്രമാണ് കേരളത്തിന്റെ സംഭാവന. പണ്ടു പറഞ്ഞിരുന്നത് ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ എന്നായിരുന്നു. ഇപ്പോള്‍ അത് മാറ്റിപ്പറയണം. കുബേര കുചേല വ്യത്യാസമില്ലാതെ കഞ്ഞി കിട്ടാന്‍ ആന്ധ്ര കനിയണം.
1964 നവംബര്‍ 7 ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നു. കല്‍ക്കത്തയിലെ (ക്ഷമിക്കണം കൊല്‍ക്കത്ത) സ്മാരക മൈതാനത്ത് ബാസവ പുന്നയ്യ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ചു; ഞങ്ങളാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 57ല്‍ ഗര്‍ഭംധരിച്ച ഭൂപരിഷ്‌കരണ നിയമത്തിന്റെ പിതൃത്വം സി.പി.എം മാത്രം ഷെയര്‍ ചെയ്യേണ്ടതില്ല എന്ന് പറയുന്നതില്‍ നൈതികതയുണ്ടെന്ന് വ്യക്തം. 1967 സപ്ത കക്ഷി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. ഭൂപരിഷ്‌കരണ നിയമത്തിന്റെ അലകും പിടിയും വച്ചുകെട്ടിയ സപ്തകക്ഷി സര്‍ക്കാരാണ്. ഇഷ്ടദാനം, യഥേഷ്ടം ക്രയവിക്രയ അധികാരം, പരിധിയില്ലാതെ ഭൂമി കൈവശം വയ്ക്കല്‍ തുടങ്ങിയവയെല്ലാം നിയന്ത്രിക്കപ്പെടുന്നത് 67 ലെ ഗവണ്‍മെന്റ് കൊണ്ടുവന്ന വ്യവസ്ഥകളാണ്.
ഭൂപരിഷ്‌കരണ നിയമത്തിന്റെ പിതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രമല്ല എന്ന് ചുരുക്കം. പല കൈവഴികള്‍ കടന്നു മാറ്റത്തിന്റെ ശംഖൊലിയായി വളര്‍ന്നതും ജന്മിത്വം അവസാനിപ്പിച്ചു കുടിയാന്മാര്‍ എന്ന ഒരു വിഭാഗം തന്നെ ഇല്ലാതാക്കി കര്‍ഷകരെ ഭൂവുടമകളാക്കിമാറ്റിയ പരിഷ്‌കരണത്തിന് പിതൃത്വത്തില്‍ ഒട്ടുമിക്ക പാര്‍ട്ടികളുമുണ്ടെന്ന വസ്തുത കമ്മ്യൂണിസ്റ്റുകളുടെ തര്‍ക്കത്തില്‍ അലിഞ്ഞില്ലാതാവുന്നു എന്നതാണ് ദുഃഖം.
1970 ജനുവരി ഒന്നിന് പ്രഭാതത്തില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. അപ്പോള്‍ മുഖ്യമന്ത്രി സി.അച്യതമേനോന്‍ ആയിരുന്നു. ഒരു ദിവസം കൊണ്ട് രൂപപ്പെടുത്തിയെടുത്തതല്ല ഈ നിയമം. പല കൈവഴികള്‍ കടന്നു ചര്‍ച്ചകള്‍ നടത്തി സമഗ്രവും സജീവുമായ വിചിന്തനങ്ങള്‍ക്ക് വിധേയമാക്കി.
രാജ്യത്തെ നിയന്ത്രിച്ചിരുന്ന ഭൂവുടമകളില്‍നിന്ന് സാവധാനം തന്മയത്വത്തോടെ ഭരണപ്രതിപക്ഷ അര്‍ധ സഹകരണത്തോടെ രൂപപ്പെടുത്തിയെടുത്ത ഒരു പരിഷ്‌കൃത നിയമം ഒരു പാര്‍ട്ടി മാത്രം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചാല്‍ കാനം ആയാലും കരഞ്ഞുപോകും. സി.എച്ചും അഹമ്മദ്കുരിക്കളും ജോര്‍ജും പ്രത്യേകിച്ച് അച്യുതമേനോനും ഇ.എം.എസും ഗൗരിയമ്മയും ഈ കുഞ്ഞിന് ജന്മം നല്‍കി വളര്‍ത്തിയെടുത്തവരാണ്. മലബാറിലെ മുസ്‌ലിം ഭൂവുടമകളെ സാരമായി ബാധിക്കുമെന്ന് ബോധ്യം ഉണ്ടായിട്ടും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ കാണിച്ച രാഷ്ട്രീയ ബോധവും വികസന കാഴ്ചപ്പാടും വിസ്മരിക്കുന്നത് ചരിത്ര വഞ്ചന തന്നെ. മിച്ചഭൂമിയായി കുടികിടപ്പുകാര്‍ക്ക് മലബാര്‍ ലഭിച്ചത് അധികവും മുസ്‌ലിം ഭൂവുടമകളുടെ സ്വത്തുക്കളാണ്. തിരുവിതാംകൂറില്‍ െ്രെകസ്തവ സമൂഹത്തിനും ധാരാളം ഭൂമി മിച്ചഭൂമിയായി നല്‍കേണ്ടിവന്നു. ബ്രാഹ്മണര്‍, നായന്മാര്‍ ഈ പട്ടികയില്‍ ധാരാളമുണ്ട്. ചരിത്രത്തെക്കുറിച്ച് തര്‍ക്കംപിടിച്ച് യഥാര്‍ഥ ചരിത്രം ഇല്ലാതാക്കരുത്. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് പുനര്‍ജനിക്കരുത്.
രണ്ടാം ലോക കേരള മഹാസഭയില്‍ നിക്ഷേപകരെ വാഴ്ത്തിയും സ്വാഗതം ചെയ്തും മുഖ്യമന്ത്രി നടത്തിയ അഭിപ്രായപ്രകടനം വരട്ടു തത്വശാസ്ത്രത്തിന്റെ അപചയം സമ്മതിക്കലായി. ഉറക്കത്തില്‍ പോലും കണ്ടുകൂടാത്ത പണക്കാരനെ ഉണര്‍വില്‍ അഭിനന്ദിച്ചത് സന്തോഷം തന്നെ. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ വന്‍കിട-ചെറുകിട വ്യവസായങ്ങള്‍ വരണം എന്ന് പറയാന്‍ വൈകി. ഉന്തുവണ്ടി പോലും വേണ്ട, തോളില്‍ ചുമന്നു നടക്കലാണ് തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ പ്രഥമ ചവിട്ടുപടി എന്ന് പാര്‍ട്ടി ക്ലാസ് നയിച്ചവരും കേട്ടവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പരിഷ്‌കൃത രാജ്യങ്ങളില്‍ അടിക്കടി യാത്ര ചെയ്ത് ഇടതുപക്ഷ നേതാക്കള്‍ക്കും വകതിരിവ് ഉണ്ടായിത്തുടങ്ങിയത് പ്രതീക്ഷ വളര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."