അസമിലെ സര്‍ക്കാര്‍ രേഖയില്‍ മൂന്നു ലക്ഷം വ്യാജ വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്
ഗുവാഹത്തി: അസമിലെ ക്ലാസ്റൂമുകളില്‍ 'പ്രേത'ങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്ത്. സര്‍ക്കാര്‍ രേഖയിലുള്ള മൂന്നു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വ്യാജന്മാരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത്, അഴിമതിക്കു കളമൊരുക്കാന്‍ രേഖകളില്‍ മൂന്നു ലക്ഷത്തിലേറെ കുട്ടികളെ വ്യാജമായി സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
മുന്‍പ് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍, അഴിമതി നടത്തുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ വ്യാജരേഖയുണ്ടാക്കിയതെന്നാണ് നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ ആരോപിക്കുന്നത്. പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, യൂനിഫോമുകള്‍ തുടങ്ങിയവയ്ക്കായി ഈ ഇല്ലാത്ത കുട്ടികള്‍ക്കും പണമനുവദിച്ച് പൊതുസമ്പത്ത് കൊള്ളയടിക്കുന്നതിനു മുന്‍ സര്‍ക്കാരുകള്‍ ചെയ്ത പണിയാണിതെന്നാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവലിന്റെ ഓഫിസ് ആരോപിക്കുന്നത്. ഇത്തരം വിഷയങ്ങളിലെ കുറ്റക്കാരെ കണ്ടെത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
2018-19 വര്‍ഷം സര്‍ക്കാര്‍ സ്കൂളുകളില്‍ 46 ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കെടുപ്പില്‍ വ്യക്തമായതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, 2016-17 വര്‍ഷത്തില്‍ 49 ലക്ഷത്തോളമായിരുന്നു. ഈ വ്യത്യാസമാണ് മനഃപൂര്‍വം വ്യാജ കണക്കുണ്ടാക്കി അഴിമതിക്കു കളമൊരുക്കുകയായിരുന്നുവെന്ന സര്‍ക്കാര്‍ ആരോപണത്തിനു പിന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."