യു.പിയിലും ശിശുമരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്.പി
ലഖ്‌നൗ: രാജസ്ഥാനിനും ഗുജറാത്തിനും പുറമേ ഉത്തര്‍പ്രദേശിലും സര്‍ക്കാര്‍ ആശുപത്രികളിലെ ശിശുമരണം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഗൊരക്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ മാത്രം 1,500ലേറെ കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായി അഖിലേഷ് യാദവ് രംഗത്തെത്തി.
നേരത്തെ, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജെ.കെ ലോണ്‍ ആശുപത്രിയില്‍ കഴിഞ്ഞ മാസം മാത്രം നൂറിലേറെ കുട്ടികള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതോടെ, കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍, തൊട്ടടുത്ത ദിവസം ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ മാസം മാത്രം 249 കുട്ടികള്‍ മരണപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ ബി.ജെ.പി പ്രതിരോധത്തിലായി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തയാറായിരുന്നുമില്ല.
ഇതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ശിശുമരണ നിരക്ക് വ്യക്തമാക്കി അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. താങ്കള്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്നതിനു മുന്‍പ് ഇവിടത്തെ കാര്യം ശ്രദ്ധിക്കൂവെന്ന് അദ്ദേഹം യോഗി ആദിത്യനാഥിനോട് പറഞ്ഞു.
ഗൊരക്പൂരിലെ ആശുപത്രിയില്‍ 2019ല്‍ രക്തം പരിശോധിച്ച് 1,800 കുട്ടികള്‍ക്കു മസ്തിഷ്‌ക വീക്കം സ്ഥിരീകരിച്ചെന്നും എന്നാല്‍ ഇതില്‍ 500 പേരെ മാത്രമാണ് അഡ്മിറ്റാക്കി ചികിത്സ നല്‍കിയതെന്നും അഖിലേഷ് വ്യക്തമാക്കി.
ഇക്കാര്യങ്ങളൊക്കെ സുപ്രിംകോടതിയുടെയോ ഹൈക്കോടതിയുടെയോ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."