തിരിച്ചടിച്ച് ഇറാന്‍, ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്റെ വ്യോമാക്രമണം, സ്ഥിരീകരിച്ച് ട്രംപ്, പ്രതിരോധം മാത്രമെന്ന് ഇറാന്‍
ബാഗ്ദാദ്: അമേരിക്കക്കെതിരേ തിരിച്ചടിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്റെ വ്യോമാക്രമണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.
ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇത് തികച്ചും പ്രതിരോധം മാത്രമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
12-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചതെന്നാണ് വാര്‍ത്തകള്‍. ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല.
അതേ സമയം ആക്രമണം അമേരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. സൈനിക വൃത്തങ്ങളുമായി ട്രംപ് ആശയ വിനിമയം നടത്തി. ഇതുസംബന്ധിച്ച് ട്രംപ് ഉടന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കും. ആക്രമണത്തെ തുടര്‍ന്ന് ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാന സര്‍വിസുകളും അമേരിക്ക നിര്‍ത്തിവെച്ചിട്ടുണ്ട്.
പെന്റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്മാന്‍ ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തുവിട്ടത് ചൊവ്വാഴ്ചയാണ്. അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന എയര്‍ ബേസും അമേരിക്കന്‍ സൈനികരും സഖ്യരാജ്യങ്ങളിലെ സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡസനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ പരിശോധിച്ചു വരികയാണ്- ഹൊഫ്മാന്‍ അറിയിച്ചു.
അതേ സമയം ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുകയാണ്. ഓയില്‍ വില 3.5 ശതമാനം വര്‍ധിച്ചു എന്നാണ് വിവരം.
കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനെ ലക്ഷ്യം വയ്ക്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങള്‍ നശിപ്പിക്കുമെന്നും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."