ദീപിക പദുക്കോണിന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ പ്രതിഷേധ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ബോളിവുഡ് താരം ദീപികാ പദുക്കോണിനെതിരേ ബി.ജെ.പി. താരത്തിന്റെ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഒരുവിഭാഗം ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ജെ.എന്‍.യുവിദ്യാര്‍ഥികളുടെ സമര കേന്ദ്രത്തില്‍ ദീപിക അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച മുഖം മറച്ചെത്തിയ സംഘപരിവാര്‍ അക്രമികള്‍ നടത്തിയ വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികളുടെ സമരം. പരുക്കേറ്റ ജെ.എന്‍.യു യൂനിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് ദീപിക ഐക്യദാര്‍ഢ്യം അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായില്ലെങ്കിലും തന്റെ ഐക്യദാര്‍ഢ്യം പങ്കുവെക്കാനാണ് ഇവിടെയെത്തിയതെന്ന് അവര്‍ പറഞ്ഞിരുന്നു. അതികം വൈകാതെ ബി.ജെ.പി നേതാക്കള്‍ താരത്തിനെതിരേ രംഗത്തെത്തി.
സമരക്കാരെ അവര്‍ വിശേഷിപ്പിക്കാറുള്ള തുക്‌ഡെ തുക്‌ഡെ ഗാങ്ങിന് പിന്തുണയുമായെത്തിയ ദീപികയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ഭൂരിഭാഗം ബി.ജെ.പി നേതാക്കളും പിന്നീട് ട്വീറ്റ് ചെയ്തത്. താരത്തിന്റെ പുതുതായി ഇറങ്ങുന്ന ആസിഡ് അക്രമത്തിനിരയായ സ്ത്രീകളെ കുറിച്ചുള്ള സിനിമ വിജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ജെ.എന്‍.യു സന്ദര്‍ശനമെന്നും ഈ സിനിമ എല്ലാവരും ബഹിഷ്‌കരിക്കണമെന്നും ബി.ജെ.പി നേതാവ് തേജീന്ദരര്‍ ബഗ്ഗ ട്വീറ്റ് ചെയ്തു.
മറ്റ് നേതാക്കളായ രാം കദം, ഷാനവാസ് ഹുസൈന്‍, രമേശ് ബിദുരി എന്നിവരും താരത്തിനെതിരേ രംഗത്തുവന്നു. അതേസമയം സിനിമാ താരത്തിനെന്നല്ല, രാജ്യത്താര്‍ക്കും എവിടെയും പോകാമെന്നും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാമെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."