ഊര്‍ജസംരക്ഷണ പദ്ധതിയുമായി അരീക്കോട് പഞ്ചായത്ത്
അരീക്കോട്: ഊര്‍ജസംരക്ഷണ രംഗത്തി പുതിയ പദ്ധതിയുമായി അരീക്കോട് ഗ്രാമപഞ്ചായത്ത്. ഊര്‍ജനഷ്ടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ ഫിലമെന്റ് ബള്‍ബ് രഹിത ഗ്രാമപഞ്ചായത്ത് എന്ന നൂതന പദ്ധതിക്കു ഡി.പി.സിയുടെ അംഗീകാരം ലഭിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഹൈവേകളിലെ മുഴുവന്‍ പോസ്റ്റുകളിലും എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും എല്ലാ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഫിലമെന്റ് ബള്‍ബുകള്‍ ഒഴിവാക്കാനും തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി രമ, വൈസ് പ്രസിഡന്റ് ഉമ്മര്‍ വെള്ളേരി എന്നിവര്‍ പറഞ്ഞു.
എനര്‍ജി മാനേജ്‌മെന്റ് കേരളയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സമ്പൂര്‍ണമായി എല്‍.ഇ.ഡി ബള്‍ബുകള്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. സൗരോര്‍ജ പാനലുകളും ഒരുക്കുന്നതോടെ ഊര്‍ജ രംഗത്തെ നഷ്ടം ഒഴിവാക്കാനാകും. ഊര്‍ജ ഉപയോഗത്തെക്കുറിച്ചും നഷ്ടം വരുത്തുന്ന ഉപകരണങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പരിപാടികളും നടക്കും.
ഇതിന്റെ ഭാഗമായി ഇ.എം.സിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ജനപ്രതിനിധികള്‍ക്കും സന്നദ്ധ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിക്കും.
എല്‍.ഇ.ഡി ബള്‍ബ് വിതരണം, നിര്‍മാണ പരിശീലനം, ബോധവല്‍ക്കരണ ക്യാംപുകള്‍, ഊര്‍ജ സംരക്ഷണ സന്ദേശ റാലി തുടങ്ങിയ വിവിധ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഫിലമെന്റ് രഹിത പഞ്ചായത്ത് പദ്ധതിക്കു പുറമേ, കാര്‍ഷിക മേഖല, കുടിവെള്ള പദ്ധതി, ബഡ്‌സ് സ്‌കൂള്‍, സോക്കര്‍ സ്‌കൂള്‍, ശുചിത്വ, ആരോഗ്യ മേഖലയിലെ പുതിയ പദ്ധതികള്‍ എന്നിവയ്ക്കും ഡി.പി.സിയുടെ അംഗീകാരം ലഭിച്ചു. 5.87 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."