തൊഴിലാളികളുടെ പ്രൊബേഷൻ കാലം ആറു മാസമായി ദീർഘിപ്പിക്കുന്നതിന് തൊഴിൽ മന്ത്രാലയം അനുമതി നൽകി
ജിദ്ദ: സഊദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രൊബേഷൻ കാലം മൂന്നു മാസത്തിൽനിന്ന് ആറു മാസമായി ദീർഘിപ്പിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുമതി നൽകി. അതേസമയം ഇതിന് തൊഴിലാളിയുടെ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായി ആറു മാസത്തിൽ കൂടുതൽ ദീർഘിപ്പിക്കുന്നതിനും അനുമതിയുണ്ട്. ഇതിന് നേരത്തെ നിയോഗിച്ചതല്ലാത്ത മറ്റു തൊഴിലുകളിലായിരിക്കണം തൊഴിലാളിയെ നിയമിക്കേണ്ടത്. ആദ്യത്തെ പ്രൊബേഷൻ കാലമായ ആറു മാസം പൂർത്തിയായ ശേഷമായിരിക്കണം മറ്റൊരു തൊഴിലിൽ നിയമിക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്.
സ്വകാര്യ അവകാശങ്ങളുടെ പേരിൽ തൊഴിലാളികളുടെ വേതനത്തിന്റെ പകുതിയിൽ കൂടുതൽ പിടിക്കുന്നതിന് വിലക്കുണ്ട്. ഇങ്ങനെ വേതനത്തിൽനിന്ന് പണം പിടിക്കുന്നതിന് തൊഴിലാളിയുടെ രേഖാമൂലമുള്ള അനുമതി നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്.
സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് വർഷത്തിൽ 21 ദിവസത്തിൽ കുറയാത്ത കാലം വേതനത്തോടു കൂടിയ വാർഷിക ലീവിന് അവകാശമുണ്ട്. ഒരേ തൊഴിലുടമയുടെ അടുത്ത് തുടർച്ചയായി അഞ്ചു വർഷം പൂർത്തിയാക്കുന്ന പക്ഷം 30 ദിവസക്കാലം വേതനത്തോടു കൂടിയ വാർഷിക ലീവിന് അവകാശമുണ്ട്. ഓരോ കൊല്ലത്തെയും വാർഷിക ലീവ് അതതു വർഷം തന്നെ പ്രയോജനപ്പെടുത്തൽ നിർബന്ധമാണ്. തൊഴിലുടമയുടെ അനുമതിയോടെ വാർഷിക ലീവ് പൂർണമായോ ഭാഗികമായോ തൊട്ടടുത്ത വർഷത്തേക്ക് നീട്ടിവെക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ട്. വാർഷിക ലീവ് സ്വമേധയാ ഉപേക്ഷിക്കാനോ വാർഷിക ലീവിന് പകരം നഷ്ടപരിഹാരമായി പണം സ്വീകരിക്കാനോ പാടില്ല.
വാർഷിക ലീവ് പ്രയോജനപ്പെടുത്തുന്നതിനു മുമ്പായി തൊഴിൽ ഉപേക്ഷിക്കുന്ന പക്ഷം അവകാശപ്പെട്ട വാർഷിക ലീവ് ദിവസങ്ങളുടെ വേതനം ലഭിക്കുന്നതിനും തൊഴിലാളിക്ക് അവകാശമുണ്ട്.
പെരുന്നാൾ ദിവസങ്ങളിലും മറ്റു ഔദ്യോഗിക അവധി ദിവസങ്ങളിലും പൂർണ വേതനത്തോടെയുള്ള അവധിക്ക് മുഴുവൻ തൊഴിലാളികൾക്കും അവകാശമുണ്ട്. തൊഴിലുടമയുടെ അനുമതിയോടെ വേതനത്തോടെയല്ലാതെ അധിക അവധി നേടാവുന്നതാണ്. അവധിക്കാലത്ത് മറ്റൊരു തൊഴിലുടമയുടെ അടുത്ത് തൊഴിലാളികൾ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്.
പ്രത്യേക കാലം നിർണയിച്ച തൊഴിൽ കരാറുകൾ കാലാവധി പൂർത്തിയാകുന്നതോടെ അവസാനിച്ചതായി കണക്കാക്കും. എന്നാൽ ഈ കരാർ നടപ്പാക്കുന്നത് ഇരു കക്ഷികളും തുടരുന്ന പക്ഷം നിർണയിക്കാത്ത കാലത്തോളം കരാർ പുതുക്കപ്പെട്ടതായി കണക്കാക്കും. തത്തുല്യ കാലത്തേക്കോ പ്രത്യേകം നിർണയിച്ച കാലത്തേക്കോ പുതുക്കുമെന്ന വ്യവസ്ഥ പ്രത്യേക കാലം നിർണയിച്ച തൊഴിൽ കരാറുകളിൽ ഉൾപ്പെടുത്തുന്ന പക്ഷം ധാരണ പ്രകാരമുള്ള കാലത്തേക്ക് കരാറുകൾ ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."