'അക്രമഹര്‍ത്താല്‍'; ഏറ്റുമുട്ടല്‍
ഹര്‍ത്താലിന്റെ മറവില്‍ പൊന്നാനിയില്‍ വ്യാപകമായ ആക്രമണം. സമരക്കാരും പൊലിസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. രണ്ടു സംഭവങ്ങളിലായി എസ്.ഐ അടക്കം ഏഴു പൊലിസുകാര്‍ക്കു പരുക്കേറ്റു. അക്രമികളെ തുരത്താന്‍ പൊലിസ് ലാത്തി വീശി. ലാത്തിയടിയേറ്റു പതിനഞ്ചോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു.
രാവിലെ പത്തിനു ചമ്രവട്ടം ജങ്ഷനില്‍ വ്യാപാരികള്‍ തുറന്ന കടകള്‍ അടയ്ക്കാന്‍ ശ്രമിച്ച സമരാനുകൂലികള്‍ കൂട്ടം ചേര്‍ന്നു പൊലിസുമായി ഏറ്റുമുട്ടുകയായിരുന്നു. ഉച്ചയോടെ എ.വി ഹൈസ്‌കൂളിനു സമീപത്തുവച്ചാണ് ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചെത്തി കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഇതുവഴി കുഞ്ഞിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വാഹനം സമരക്കാര്‍ തകര്‍ത്തതോടെയാണ് അക്രമങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്നു പത്തോളം വാഹനങ്ങള്‍ സമരക്കാര്‍ എറിഞ്ഞുതകര്‍ത്തു. തടയാന്‍ ചെന്ന പൊലിസിനു നേരെയും രൂക്ഷമായ കല്ലേറുണ്ടായി. ഇതിനിടയിലാണ് പൊന്നാനി എസ്.ഐ നൗഫല്‍ ഉള്‍പ്പെടെ ആറു പൊലിസുകാര്‍ക്കു കല്ലേറില്‍ പരുക്കേറ്റത്. അതേസമയം, പൊന്നാനി അങ്ങാടിയില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."