പാറക്കടവിലും ചെമ്മരത്തൂരിലും ഹര്‍ത്താല്‍ കടക്ക് പുറത്ത്
വടകര/പാറക്കടവ്: ഹര്‍ത്താലിനെ കടക്ക് പുറത്തുനിര്‍ത്തി ചെമ്മരത്തൂരും പാറക്കടവും. രണ്ടു സ്ഥലങ്ങളിലും സാധാരണ പോലെ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു പാറക്കടവിലെ വ്യാപാരികള്‍ തീരുമാനിച്ചതായി വ്യാപാര വ്യവസായ യൂനിറ്റ് ഭാരവാഹികള്‍ പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നവര്‍ ചെയ്യുന്നത് കടുത്ത ദ്രോഹമാണന്നും വ്യാപാരികള്‍ പറഞ്ഞു. സാധാരണ പോലെ ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കാതെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ഗതാഗതവും ഇവിടെ തടസപ്പെട്ടില്ല.
ചെമ്മരത്തൂരില്‍ മുഴുവന്‍ കടകളും തുറന്നു. പതിനഞ്ചോളം കടകളാണു ചെമ്മരത്തൂരിലുള്ളത്. ഇവയും വടകര സഹകരണ റൂറല്‍ ബാങ്ക് ശാഖയും തുറന്നു പ്രവര്‍ത്തിച്ചു. സ്ഥാപനങ്ങള്‍ക്ക് ഡി.വൈ.എഫ്.ഐയുടെ സംരക്ഷണമുണ്ടെന്ന് നേതൃത്വം അറിയിച്ചു.
തികച്ചും അന്യായമായ ഹര്‍ത്താലിനാണ് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തതെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. കടകള്‍ തുറന്നത് ഈ പ്രദേശത്തുകാര്‍ക്ക് ആശ്വാസമായി. അരൂരിലും കടകള്‍ തുറന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."