മലയോര മേഖലയില്‍ പരക്കെ അക്രമം
താമരശേരി: ഹര്‍ത്താലിന്റെ മറവില്‍ മലയോര മേഖലയില്‍ പരക്കെ അക്രമം. നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും യാത്രക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. താമരശേരി ചടച്ചിക്കുന്നുമ്മല്‍ ഷംസുദ്ദീന്റെ പിക്കപ്പ് വാന്‍ താമരശേരി പോസ്റ്റ് ഓഫിസിന് മുന്നില്‍ ഹര്‍ത്താലനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. ഉച്ചക്ക് 2.45ഓടെ ചമല്‍ ചുണ്ടന്‍കുഴി ഭാഗത്ത് റോഡില്‍ ടയര്‍ കൂട്ടിയിട്ട് ഗതാഗത തടസ്സമുണ്ടാക്കിയത് നീക്കം ചെയ്യാനെത്തിയ താമരശ്ശേരി പോലിസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ജീപ്പിന് കേടുപാട് സംഭവിച്ചു. തുടര്‍ന്ന് ഗ്രനേഡെറിഞ്ഞ് പോലിസ് അക്രമികളെ തുരത്തുകയായിരുന്നു. ഉച്ചക്ക് ശേഷം കട്ടിപ്പാറക്ക് സമീപം പന്നൂര്‍ മുത്തേടത്ത് അബ്ദുല്‍ നാസര്‍ സഞ്ചരിച്ച ജീപ്പ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ചമല്‍ എട്ടേക്കറിയില്‍ സി.പി.എമ്മിന്റെ കൊടിമരവും ബോര്‍ഡുകളും താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ സി.ഐ.ടി.യുവിന്റെ കൊടിമരവും ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തു.
ഇന്നലെ രാവിലെ പത്തോടെ പുതുപ്പാടി മലോറത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ കാറിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. രാവിലെ ഏഴോടെ ചമല്‍ ചുണ്ടന്‍കുഴിയില്‍ വയനാട് അമ്പലവയലില്‍ നിന്ന് വയലടയിലേക്ക് പോവുകയായിരുന്ന ബൊലെറോ ജീപ്പ് അടിച്ചുതകര്‍ക്കുകയും യാത്രക്കാരായ നാലുപേരെ മര്‍ദ്ദിക്കുകയും ചെയ്തു. യാത്രക്കാരനായ അമ്പലവയല്‍ സ്വദേശി ജംഷിദ് താമരശേരി പൊലിസില്‍ പരാതി നല്‍കി. ഉച്ചയോടെ പുതുപ്പാടി എലോക്കരയില്‍ അസുഖബാധിതയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാറിനുനേരെ അക്രമമുണ്ടായി. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."