നാടകലോകം ഇന്നുമുതല്‍ ഒന്‍പതുദിനം പൂരനഗരിയില്‍
തൃശൂര്‍: നാടകലോകം ഇന്നുമുതല്‍ ഒന്‍പതു ദിവസം പൂരനഗരിയില്‍. ദേശങ്ങളുടെയും ഭാഷകളുടെയും അതിരുകള്‍ മായ്ച്ചുകളയുന്ന നടനകലയുടെ ലോകം സാംസ്‌കാരികനഗരിയെ ചുറ്റും. വൈകിട്ട് ആറിന് ഇറ്റ്‌ഫോക്കിന്റെ കേളികൊട്ടുയരും.
മുരളി തിയറ്ററില്‍ സാംസ്‌കാരികവകുപ്പു മന്ത്രി എ.കെ ബാലന്‍ ഒന്‍പതാമതു രാജ്യാന്തര നാടകോത്സവത്തിനു തിരിതെളിക്കും. ചടങ്ങില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. പ്രശസ്ത നാടകകലാകാരന്‍ ശങ്കര്‍ വെങ്കിടേശ്വരന്‍ സംവിധാനം ചെയ്ത 15 മിനിറ്റ് നീളുന്ന പ്രത്യേക പരിപാടിയോടെയാണ് അരങ്ങിനു ജീവന്‍ വയ്ക്കുക. തുടര്‍ന്ന് ജര്‍മന്‍ ഇസ്‌റാഈല്‍ സംരംഭമായ 'ദി ലോസ്റ്റ് വീല്‍സ് ഓഫ് ടൈം' പാലസ് ഗ്രൗണ്ടില്‍ അരങ്ങേറും. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത കോമാളി വേഷവിധാനങ്ങളാണു നാടകത്തിന്റെ പ്രത്യേകത. ഒട്ടേറെ രാജ്യങ്ങളില്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രേക്ഷകരെക്കൂടി പങ്കാളികളാക്കുന്നുണ്ട്.
നാളെ രാവിലെ 11ന് കനയ്യലാല്‍ വേദിയില്‍ രണ്ടാം ദിവസത്തെ പരിപാടികള്‍ക്കു തുടക്കം കുറിക്കും. 11ന് തോപ്പില്‍ ഭാസി വേദിയില്‍ സ്‌പെയിനിലെ ബാംലീന തിയറ്റര്‍ പ്രാക്ടിക്കബിളിന്റെ ക്വിജോട്ട് അവതരിപ്പിക്കും. കാള്‍സ് ആല്‍ഫെറോ സംവിധാനം ചെയ്ത ഒരു മണിക്കൂര്‍ നീളുന്ന നാടകം കാണികളില്‍ അത്ഭുതം നിറക്കുന്നതാണ്. പാവനാടകത്തിന്റെ പുതിയൊരു തലമാണ് ഇതിലൂടെ അനാവൃതമാകുക. അക്കാദമി കാംപസില്‍ വൈകിട്ടു മൂന്നിനു സംഗീതപരിപാടി നടക്കും. രാത്രി ഏഴിന് ഫ്രാന്‍സിലെ സ്ട്രിങ്‌സ് കമ്പനിയുടെ സ്ട്രിങ്‌സ് അവതരിപ്പിക്കും. രാത്രി 10നു പാരമ്പര്യ കലാരൂപമായ തോല്‍പ്പാവക്കൂത്ത് നടക്കും.
വൈകിട്ട് 4.30നു കെ.ടി മുഹമ്മദ് സ്മാരക തിയറ്ററില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള പ്ലേ ഓണ്‍ പ്രൊഡക്ഷന്‍സിന്റെ ദോഹ്‌റി സിന്ദഗി അരങ്ങേറും. ലിംഗവിവേചനത്തെ കുറിച്ചുള്ള നിലവിലുള്ള സങ്കല്‍പങ്ങളെ ചോദ്യംചെയ്യുന്ന നാടകത്തിന്റെ സംവിധാനം ഗുര്‍ലീന്‍ ജഡ്ജാണു നിര്‍വഹിച്ചിരിക്കുന്നത്. വൈകിട്ട് ആറിന് കനയ്യലാല്‍ വേദിയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ വിദ്യാര്‍ഥികളുടെ രംഗാവതരണം 'മിസ്റ്റി മൗണ്ടന്‍സ് ഓഫ് മഹാഭാരത' അരങ്ങേറും. മഹാഭാരതത്തിന്റെ അറിയപ്പെടാത്ത ഏടുകളിലേക്കുള്ള എത്തിനോട്ടമാണു നാടകം.
വൈകിട്ട് ഏഴിന് മുരളി തിയറ്ററില്‍ മലയാളത്തില്‍നിന്നുള്ള രണ്ടാമത്തെ നാടകം 'ഭരതവാക്യം' അവതരിപ്പിക്കും. മലയാള നാടകാചാര്യന്‍ ജി. ശങ്കരപ്പിള്ളയുടെ രചനയ്ക്കു രംഗാവിഷ്‌കാരം നിര്‍വഹിച്ചത് തിരുവനന്തപുരം 'അഭിനയ'യുടെ ബാനറില്‍ ഡി. രഘൂത്തമനാണ്. പാലസ് ഗ്രൗണ്ടിലെ കാവാലം അരങ്ങില്‍ രാത്രി ഒന്‍പതിന് 'ദി ലോസ്റ്റ് വീല്‍സ് ഓഫ് ടൈമി'ന്റെ പുനരവതരണമുണ്ടാകും.
വിവിധ ദിനങ്ങളിലായി മലയാളത്തില്‍നിന്നുള്ള ഏഴു നാടകങ്ങളാണു വിവിധി വേദികളില്‍ അവതരിപ്പിക്കുക. 'ഭരതവാക്യം', 'മിസ്റ്റി മൗണ്ടന്‍സ് ഓഫ് മഹാഭാരത' എന്നിവയ്ക്കു പുറമെ ചേര്‍പ്പ് നാടകപ്പുരയുടെ 'തിയ്യൂര്‍ രേഖകള്‍', 'കാളീനാടകം', 'ബാല്‍ക്കണി', 'ചരിത്രപുസ്തകത്തിലേക്കൊരേട് ', 'സദൃശ്യവാക്യങ്ങള്‍' എന്നിവയും അവതരിപ്പിക്കും.
എന്‍. പ്രഭാകരന്റെ കൃതിയെ അടിസ്ഥാനമാക്കി ഡോ. കെ.എസ് വാസുദേവനും നരിപ്പറ്റ രാജുവും രചിച്ച 'തിയ്യൂര്‍ രേഖകള്‍' നരിപ്പറ്റ രാജുവാണു സംവിധാനം ചെയ്തത്. സജിതാ മഠത്തില്‍ രചിച്ച് പ്രൊഫ. ചന്ദ്രദാസന്‍ സംവിധാനം ചെയ്ത 'കാളീനാടകം', കോഴിക്കോട് റിമമ്പറന്‍സ് തിയറ്ററിനുവേണ്ടി ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത 'ബാല്‍ക്കണി', തൃശൂരിലെ ഇന്‍വിസിബിള്‍ ലൈറ്റിങ് സൊല്യൂഷനുവേണ്ടി ജോസ് കോശി സംവിധാനം ചെയ്ത 'ചരിത്രപുസ്തകത്തിലേക്കൊരേട് ', തൃശൂര്‍ ശില സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സിന്റെ ശിവന്‍ വെങ്കിടങ്ങ് സംവിധാനം ചെയ്ത 'സദൃശ്യവാക്യങ്ങള്‍' എന്നിവയാണു മലയാളത്തില്‍നിന്നുള്ള നാടകങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."