ദേശീയപാതയോരത്ത് അപകടഭീഷണി ഉയര്‍ത്തി വന്‍മരം
ചാവക്കാട്: ദേശീയപാതയോത്ത് അപകടഭീഷണി ഉയര്‍ത്തി ഉണങ്ങിയ വന്‍മരം. മന്ദലാംകുന്ന് കിണര്‍ സലഫി മസ്ജിദിന് എതിര്‍വശത്തു ദേശീയപാതയ്ക്കു കിഴക്കുഭാഗത്താണു വര്‍ഷങ്ങള്‍ പഴക്കമുള്ള മരം ഉണങ്ങി ഏതു നിമിഷവും നിലംപൊത്താറായ നിലയില്‍ നില്‍ക്കുന്നത്.
പാതയിലേക്കും പിറകിലെ വീട്ടുമുറ്റത്തേക്കും നീണ്ടുനില്‍ക്കുന്ന മരത്തിന്റെ കൊമ്പുകള്‍ വ്യാപാരികള്‍ക്കും കാല്‍നട യാത്രക്കാരടക്കമുള്ളവര്‍ക്കും സമീപത്തെ വീട്ടുകാര്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ്. പൂര്‍ണമായി ഉണങ്ങിയ മരക്കൊമ്പുകള്‍ ഇടക്കിടെ മുറിഞ്ഞു വീഴുന്നുമുണ്ട്. മരത്തിന്റെ അടിഭാഗം ദ്രവിച്ചുതുടങ്ങിയിട്ടുമുണ്ട്. വിഷയത്തില്‍ ദേശീയപാതാ അധികൃതര്‍ക്കു പലതവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയാറായിട്ടില്ലെന്നാണു പരിസരവാസികളുടെ ആക്ഷേപം. ഇടയ്ക്കുവന്ന് ഫോട്ടോ എടുത്തു പോയതല്ലാതെ മറ്റൊരു നടപടിയുമുണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ മഴക്കാലത്തു പാതയോരത്ത് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികള്‍ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ മേഖലയില്‍ മുറിച്ചുനീക്കിയ പല മരങ്ങളും താരതമ്യേന അപകടകരമല്ലാത്തവയായിരുന്നു. മരം മുറിച്ച് മില്ലില്‍ കൊണ്ടുപോയി ഉരുപ്പടികളുണ്ടാക്കാന്‍ പറ്റിയവയില്‍ മാത്രമാണ് അധികൃതര്‍ നോട്ടമിടുന്നതെന്നാണു നാട്ടുകാരുടെ ആരോപണം. ഇവ ലേലം ചെയ്‌തെടുക്കാന്‍ ആളുകളുള്ളതിനാല്‍ വിറ്റൊഴിവാക്കാനാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
എന്നാല്‍ ദേശീയപാതയില്‍ ഏറെക്കാലമായി ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. കഴിഞ്ഞമാസം ഇത്തരത്തില്‍ രണ്ടെണ്ണം പല ദിവസങ്ങളിലായി അകലാട് ബദര്‍ പള്ളി സെന്ററില്‍ കടപുഴകി വീണിരുന്നു. രാത്രിയുണ്ടായ സംഭവത്തില്‍ ഗതാഗതം നിശ്ചലമായതിനെ തുടര്‍ന്ന് ഏറെനേരം നാട്ടുകാരും പൊലിസും ചേര്‍ന്നു പണിപ്പെട്ടാണ് അവ നീക്കിയത്. ഇത്തരം സാഹചര്യം ആവര്‍ത്തിക്കുന്നതിനു പുറമെ വന്‍ ദുരന്തമുണ്ടാകുന്നതും ഒഴിവാക്കാന്‍ മന്ദലാംകുന്നിലെ വന്‍മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."