അവര്‍ വീണ്ടും അക്ഷരമധുരം നുണഞ്ഞു; കലക്ടറേറ്റിലെ പുത്തന്‍ ക്ലാസ്മുറിയിലിരുന്ന്
കോഴിക്കോട്: 'ഒരു കുലമൊരുമതമൊരു ദൈവം, മനുജര്‍ക്കൊന്നാണീ ലോകം.. ഈശ്വരപ്രാര്‍ഥന ചൊല്ലി കലക്ടറേറ്റിലെ എന്‍ജിനീയേഴ്‌സ് ഹാളിലെ പുത്തന്‍ ക്ലാസ് റൂമിലേക്ക് കടന്നപ്പോള്‍ തീര്‍ഥയും നന്ദിനിയുമെല്ലാം ചുറ്റിലും കണ്ണോടിക്കുകയായിരുന്നു. തങ്ങള്‍ കണ്ടു കൊണ്ടിരുന്ന പതിവു കാഴ്ചകള്‍ എവിടെയെന്നറിയാന്‍. പതിവായി മുറ്റത്തെ മാവിന്‍ ചോട്ടില്‍ മാങ്ങ പറിക്കാനെത്തിയിരുന്ന അണ്ണാനെയും കാക്കേ കാക്കേ കൂടെവിടെയെന്ന് പാടുമ്പോള്‍ എത്തി നോക്കിയിരുന്ന കാക്കകളെയും കാണാത്തതാണ് അവര്‍ക്ക് ആകെയുണ്ടായിരുന്ന വിഷമം. ഒപ്പം ജനലിലൂടെ ഇടയ്ക്കിടക്കെത്തുന്ന കുളിര്‍ക്കാറ്റ് കിട്ടാത്തതിന്റെ പിണക്കവും. എങ്കിലും മഴയത്ത് സ്‌കൂള്‍ ബസില്‍ കുറേ ദൂരം ഒരുമിച്ച് യാത്ര ചെയ്തതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. ഗ്രൗണ്ടില്ലാത്തതും കളിപ്പാട്ടങ്ങളില്ലാത്തതുമായിരുന്നു ഒന്നാം ക്ലാസുകാരായ പ്രണവ് കൃഷ്ണയുടേയും അഭിഷേകിന്റേയും പരിഭവത്തിന് കാരണം. പുത്തന്‍ നീലക്കസേരയിലിരുന്ന് പഠിക്കുന്നതിന്റെ ഒരു കുഞ്ഞുഗര്‍വ് കാട്ടി അവര്‍ പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. കഴിഞ്ഞ ദിവസം കോടതി ഉത്തരവിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്‌കൂളിലെ കുട്ടികളാണ് കലക്ടറേറ്റില്‍ താല്‍ക്കാലികമായി തയാറാക്കിയ ക്ലാസ് റൂമിലിരുന്ന് വീണ്ടും അക്ഷരമധുരം നുണഞ്ഞത്. ഡി.ഡി.ഇ ഗിരീഷ്‌ചോലയിലിന്റെ നേതൃത്വത്തില്‍ ബി.പി.ഒമാര്‍ എട്ടു മണിക്കൂര്‍ കൊണ്ടാണ് പ്ലൈവുഡ് കൊണ്ട് പുതിയ ക്ലാസ് റൂമുകള്‍ ഒരുക്കിയത്. ഏഴ് ക്ലാസ് റൂമുകളാണ് പുതുതായി തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."