ചാണകഗന്ധ എക്‌സ്പ്രസ്! ബയോടോയ്‌ലറ്റുകളിലെ അപാകത കാരണം ട്രെയിനില്‍ രൂക്ഷമായ ചാണകനാറ്റം
കോഴിക്കോട്: മത്സ്യഗന്ധ എക്‌സ്പ്രസ് മലയാളിക്ക് പരിചയമുള്ള ട്രെയിനാണ്. മുംബൈയില്‍ നിന്നും മംഗലാപുരത്തേക്ക് ഓടുന്ന ഈ ട്രെയിനിന് അങ്ങിനെ ഒരു പേരുവരാന്‍ കാരണം അറബിക്കടലിന്റെ തീരത്തുകൂടി ഓടുന്നതുകൊണ്ടാവാം. പ്രമുഖ തുറമുഖ നഗരങ്ങളെല്ലാം സ്പര്‍ശിച്ചാണ് ഇതിന്റെ യാത്ര. ഈ ട്രെയിനിന് മത്സ്യത്തിന്റെ ഗന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയില്ല. എന്നാലിപ്പോള്‍ നമ്മുടെ ട്രെയിനുകള്‍ക്കെല്ലാം ഒരേ ഗന്ധമാണ്. ചാണക ഗന്ധം. മത്സ്യഗന്ധയായാലും നേത്രാവതിയായാലും മംഗളയായാലും എല്ലാറ്റിനും ഒരേ ഗന്ധം.
റെയില്‍വെ സ്റ്റേഷനിലുള്ളവര്‍ക്കും ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ക്കുമെല്ലാം ചാണകഗന്ധം 'ആസ്വദിച്ച് ' യാത്ര ചെയ്യാം. കേന്ദ്രം ഭരിക്കുന്നവര്‍ പശുവിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടൊന്നുമല്ല, ട്രെയിനിന് പുതിയ ഗന്ധം വന്നത്. ട്രെയിന്‍ ടോയ്‌ലറ്റുകളെ പരിസ്ഥിതി സൗഹൃദമാക്കിയതിന്റെ പൊല്ലാപ്പുകളാണ് യാത്രക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. നിരന്തരം പരാതികള്‍ ഉയര്‍ന്നിട്ടും ഇതിന് പരിഹാരം ഉണ്ടാക്കാന്‍ റെയില്‍വെയ്ക്കായിട്ടില്ല. ബയോ ടോയ്‌ലറ്റുകളാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഭൂരിഭാഗം ട്രെയിനുകളിലും സ്ഥാപിച്ചിട്ടുള്ളത്.ടോയ്‌ലറ്റുകളുടെ ദുര്‍ഗന്ധവും വൃത്തിയില്ലായ്മയും അതേപോലെ വിസര്‍ജ്യങ്ങള്‍ റെയില്‍ പാളങ്ങളില്‍ തള്ളുന്നതുമെല്ലാം ഒഴിവാക്കാനാണ് ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയത്.
ഇതിന്റെ പ്രവര്‍ത്തനത്തിന് ചാണകം ഉപയോഗപ്പെടുത്തുന്നുണ്ട്. മനുഷ്യ മാലിന്യം വിഘടിപ്പിച്ച് മീഥൈനും ജലവുമാക്കി മാറ്റുന്ന പ്രക്രിയയാണ് ബയോടോയ്‌ലറ്റുകളിലേത്. ഇതിനായി ടോയ്‌ലറ്റുകളോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന ചെറിയ ടാങ്കുകളില്‍ 60 ലിറ്റര്‍ വീതം ഇനോക്കുലം ആവശ്യമാണ്. ചാണകവും വെളളവും ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. ഒരു ടോയ്‌ലറ്റിന് 60 ലിറ്റര്‍ വീതം ഇനോക്കുലം ആവശ്യമുണ്ട്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനത്തിലെ അപാകതകളും പരിചരണക്കുറവുമെല്ലാമാണ് യാത്രക്കാരെ ഇപ്പോള്‍ പ്രയാസത്തിലാക്കിയിരിക്കുന്നത്. എല്ലാ കംപാര്‍ട്ടുമെന്റുകളിലും ബയോ ടോയിലറ്റുകള്‍ ഉള്ളതിനാല്‍ ഇതില്‍ നിന്നും വരുന്ന ചാണക ഗന്ധം യാത്രയുടെ തുടക്കം മുതല്‍ ഒടുക്കംവരേ സഹിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. വൃത്തിയുള്ള ടോയ്‌ലറ്റെന്ന റെയില്‍വെയുടെ ലക്ഷ്യമാണ് ബയോടോയിലറ്റുകളുടെ അശാസ്ത്രീയതയാല്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
രണ്ടും മുന്നും ദിവസത്തെ യാത്ര നടത്തേണ്ടിവരുന്ന ദീര്‍ഘ ദൂരക്കാരുടെ അവസ്ഥ അതി ദയനീയമാണ്. എ.സി കംപാര്‍ട്ടുമെന്റ് യാത്രക്കാരില്‍നിന്നുപോലും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ടോയ്‌ലറ്റുകള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന കണ്ടെത്തല്‍ അന്വേഷണത്തില്‍ നിന്നും റെയില്‍വെയ്ക്ക് ബോധ്യമായിട്ടും പരിഹാരം ഇപ്പോഴും അകലെയാണ്. എന്നാല്‍ യാത്രക്കാര്‍ ശരിയായ രീതിയില്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാത്തതാണ് ബയോ ടോയ്‌ലറ്റുകള്‍ കേടുവരാന്‍ കാരണമെന്ന് റയില്‍വേയുടെ കുറ്റപ്പെടുത്തലുകളും നിലനില്‍ക്കുന്നുണ്ട്. സീസണ്‍ യാത്രക്കാരുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് നിത്യയാത്രക്കാര്‍ ചാണക മണം സഹിച്ച് നിലവില്‍ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. എന്നാല്‍ പുതിയ യാത്രക്കാരില്‍ പലരും അസഹനീയമായ ഗന്ധത്തില്‍ പൊറുതിമുട്ടി റെയില്‍വേയെ ചീത്തവിളിക്കുന്നത് തുടരുകയാണ്. ഇതിനുപുറമെ, രാജ്യം കാണാനെത്തുന്ന വിദേശികളാകട്ടെ, ഇന്ത്യന്‍ ട്രെയിനിന്റെ ഗന്ധം ഇതാണെന്ന് ധരിച്ചുവശായ അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."