കൊയ്‌ത്തൊഴിഞ്ഞ പാടശേഖരങ്ങളില്‍ നാളെ കുതിരാരവം; മച്ചാടിന് നാളെ മുതല്‍ മാമാങ്കം
വടക്കാഞ്ചേരി: കൊട്ടും കുരവയും കെട്ടുകാഴ്ചകളും ആണ്ടിയും പൂതനും തിറയും കാളകളിയും നായാടിയും ഹരിജന്‍ വേലയും അമ്മന്‍ കുടത്തിന്റെ പകര്‍ന്നാട്ടവുമെല്ലാമായി ഉത്സവപ്രേമികള്‍ക്കു വിസ്മയ കാഴ്ചകളൊരുക്കുന്ന മച്ചാട് മാമാങ്കത്തിനു നാളെ കൊടിയേറും. കുംഭ വെയിലിനെ പൂനിലാവാക്കി ജാതിമതഭേദമന്യേ ആയിരങ്ങള്‍ ഉത്സവത്തിമര്‍പ്പിലമരും. കൊയ്‌ത്തൊഴിഞ്ഞ പാടശേഖരങ്ങളിലൂടെ പൊയ്ക്കുതിരകളെ തോളിലേറ്റി തട്ടകനിവാസികള്‍ മച്ചാട് തിരുവാണിക്കാവ് ദേവീസന്നിധിയിലേക്ക് ഒഴുകിയെത്തുമ്പോള്‍ അത് അപൂര്‍വ സുന്ദരകാഴ്ചയാകും.
തെക്കുംകര ദേശത്തിനാണ് ഇത്തവണ മാമാങ്ക നടത്തിപ്പ്. വിരുപ്പാക്ക, മണലിത്തറ, കരുമത്ര, മംഗലം, പാര്‍ളിക്കാട് വിഭാഗങ്ങളാണു കുതിരയെഴുന്നള്ളിപ്പുമായി കാവിലെത്തുക. മണലിത്തറ ദേശത്തിന്റെ കുംഭകുടവും ഏറെ ശ്രദ്ധേയമാകും. കുതിരകളെ തോളിലേറ്റി മത്സരബുദ്ധിയോടെ ദേശങ്ങളെത്തുമ്പോള്‍ ആരവങ്ങള്‍ മാത്രമാകും നാടാകെ. 10 പൊയ്കുതിരകളാണ് എഴുന്നള്ളിപ്പില്‍ അണിനിരക്കുക. മണലിത്തറ രണ്ട്, വിരുപ്പാക്ക രണ്ട്, കരുമത്ര രണ്ട്, മംഗലം ഒന്ന്, പാര്‍ളിക്കാട് ഒന്ന്, ക്ഷേത്ര കുതിരകള്‍ രണ്ട് എന്നിങ്ങനെയാണു കുതിരനിര.
നാളെ ഉച്ചയ്ക്ക് 12നാണു മാമാങ്കചടങ്ങുകള്‍ ആരംഭിക്കുക. വിരുപ്പാക്ക ദേശം 12നു വാസുദേവപുരം ക്ഷേത്രത്തില്‍നിന്നാണു കുതിര എഴുന്നള്ളിപ്പ് ആരംഭിക്കുക. മണലിത്തറയില്‍ രാവിലെ ഏഴിനു കുംഭക്കുടം പുറപ്പാട് നടക്കും. തുടര്‍ന്ന് എട്ടിനു കുതിരക്കല്‍പറ എത്തും. 11.30നു കുതിരക്കല്‍ തച്ചനേറുപൂജയും വെടിക്കെട്ടും നടക്കും. തുടര്‍ന്നാണ് എഴുന്നള്ളിപ്പ് നടക്കുക. ഉച്ചയ്ക്കു ദേശത്തിന്റെ ഹരിജന്‍വേലയുമുണ്ടാകും.
വൈകിട്ടു നാലിനു കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം കൊട്ടി കലാശിക്കുന്നതോടെ കുതിരക്കളി ആരംഭിക്കും. പൂതന്‍, തിറ, ഹരിജന്‍വേല എന്നിവയുടെ കാവുകയറ്റവും നടക്കും. രാത്രി ഏഴിനാണു വെടിക്കെട്ട്. എട്ടിന് മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ തായമ്പകയും 8.30നു ചലച്ചിത്രതാരങ്ങളായ ധര്‍മജന്‍, ആര്യ, ഗിന്നസ് മനോജ് എന്നിവര്‍ നയിക്കുന്ന മെഗാഷോയും ഗാനമേളയും നടക്കും. ഗായകന്‍ എം. ജയചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച രാവിലെ എട്ടിനു നടക്കുന്ന ഈടുവെടിയോടെയാണു മാമാങ്കത്തിനു കൊടിയിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."