സംഘ്പരിവാര്‍ അഴിഞ്ഞാട്ടം
കോഴിക്കോട്: ഹര്‍ത്താലിനിടെ ജില്ലയില്‍ പലയിടത്തും സംഘ്പരിവാര്‍ അഴിഞ്ഞാട്ടം. നഗരഹൃദയത്തിലെ മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരികള്‍ കടകള്‍ തുറന്നെങ്കിലും സംഘ്പരിവാര്‍ കടകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ഹര്‍ത്താല്‍ അനുകൂലികളുടെ കുപ്പിയേറില്‍ സുപ്രഭാതം ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന് കാലിനു പരുക്കേറ്റു. ജില്ലയില്‍ നൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. നിരവധി പേരെ അറസ്റ്റ് ചെയ്തു.
മിഠായിത്തെരുവില്‍ 10 ഓളം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. പൊലിസ് നോക്കിനില്‍ക്കെയാണ് മിഠായിത്തെരുവിലെ പ്രധാന പ്രവേശന കവാടമായ എസ്.കെ പൊറ്റെക്കാട്ട് പ്രതിമയുടെ ഭാഗത്തുകൂടി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രവേശിച്ചത്. രാവിലെ 10 കഴിഞ്ഞ് മുതലക്കുളത്തു നിന്നാരംഭിച്ച സംഘ്പരിവാര്‍ പ്രകടനം രണ്ടായി പിരിഞ്ഞ് അതിലൊന്ന് മിഠായിത്തെരുവിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ടി. നസിറുദ്ദീന്റെ കടകള്‍ തുറന്നതിനു പിന്നാലെ വ്യാപാരികള്‍ ഒന്നിച്ചിറങ്ങി ഓരോ കടകള്‍ തുറക്കാനുള്ള തയാറെടുപ്പിനിടെയാണു ഹര്‍ത്താല്‍ അനുകൂലികള്‍ ഇരച്ചെത്തിയത്. ചെറിയ പൊലിസ് സംഘം അക്രമികളെ രാധാ തിയറ്ററിനു സമീപം തടഞ്ഞതോടെ ഇവര്‍ തിരികെപ്പോയി കോര്‍ട്ട് റോഡിലൂടെ നൂര്‍ മസ്ജിദ് റോഡില്‍ കയറി അടച്ചിട്ട നിരവധി കടകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. ഷട്ടറുകളില്ലാതെ ചില്ലുവാതിലുകളും ഷോകേസുകളുമുള്ള സ്ഥാപനങ്ങള്‍ ഇരുമ്പു വടികള്‍ കൊണ്ട് അടിച്ചുതകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. മാക്‌സി വിയര്‍, വുഡ് ബി, വെസ്റ്റേണ്‍ ഡ്രസ് തുടങ്ങി നിരവധി കടകളുടെ ചില്ലുകള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു.
ഈ സമയം കൂടുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ മിഠായിത്തെരുവ് സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങി. സംരക്ഷണം നല്‍കുമെന്ന പൊലിസ് വാഗ്ദാനം ലംഘിക്കപ്പെട്ടെന്നും അക്രമികളെ പിടിച്ചുകൊടുത്തിട്ടും പൊലിസ് നടപടിയെടുത്തില്ലെന്നും വ്യാപാരികളും ആരോപിച്ചു. ഈ സമയം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയൊളിച്ചു. തുടര്‍ന്ന് ഇവിടെ നിന്ന് പുറത്തേക്ക് വ്യാപകമായി കല്ലേറുണ്ടായി.
ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസിനു നേരെ തിരിഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്തു നീക്കിയില്ലെങ്കില്‍ തങ്ങള്‍ നേരിടുമെന്ന ഭീഷണിയും ഡി.വൈ.എഫ്.ഐ നേതാക്കള്‍ മുഴക്കിയതോടെ പൊലിസും കുഴങ്ങി. സ്ഥിതി കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നറിഞ്ഞപ്പോള്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അക്രമികളെ അറസ്റ്റ് ചെയ്യാന്‍ തുനിയുകയായിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്തു നീക്കാമെന്നു പൊലിസ് അറിയിച്ചതോടെയാണു രംഗം ശാന്തമായത്. ഇതോടുകൂടി ക്ഷേത്രത്തിനുള്ളില്‍ കടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി.
12.15 ഓടെ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി. ബാക്കിയുള്ളവര്‍ ക്ഷേത്രത്തിന്റെ പുറകുവശത്തുകൂടെ രക്ഷപ്പെട്ടുവെന്നാണു കരുതുന്നത്. കൂടുതല്‍ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളിലുണ്ടോയെന്ന് പരിശോധന നടത്തി. അക്രമികളെ അറസ്റ്റ് ചെയ്ത പൊലിസിനു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അഭിവാദ്യ മുദ്രാവാക്യം വിളിച്ചു.
തുറന്ന കടകള്‍ക്ക് പിന്നീട് ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കി. തുടര്‍ന്ന് തുറന്ന കടകളിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുമുള്‍പ്പെടെയുള്ളവര്‍ സാധനങ്ങള്‍ വാങ്ങുകയും വ്യാപാരികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. കടകള്‍ ഉച്ചയോടെ അടച്ചു. വലിയങ്ങാടിയിലും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം അടച്ചു.
ചേവായൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് പരുക്കേറ്റു. ബി.ജെ.പി നോര്‍ത്ത് മണ്ഡലം കമ്മിറ്റി അംഗം കൂടിയായ അനില്‍കുമാര്‍ അങ്കോത്തിനെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ പലയിടത്തും റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ചു.
പേരാമ്പ്ര കടിയങ്ങാട് ഡിവൈ.എസ്.പിയുടെ വാഹനത്തിനു നേരെ അക്രമം ഉണ്ടായി. മേപ്പയ്യൂര്‍, എളേറ്റില്‍ വട്ടോളി, കുറ്റിച്ചിറ, നൈനാംവളപ്പ് എന്നിവിടങ്ങളില്ലെല്ലാം കടകള്‍ പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."