മന്ത് രോഗം: പൊന്നാനിയില്‍ 44999 പേര്‍ക്ക് ഗുളിക നല്‍കി
മലപ്പുറം: മന്ത് രോഗ സമൂഹ ചികിത്സാ പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ മികച്ച നേട്ടം. പൊന്നാനി നഗരസഭയിലെ മന്ത് രോഗ സംക്രമണ സാധ്യത കൂടുതലുള്ള 29 വാര്‍ഡുകളിലെ 44999 പേര്‍ക്ക് ഡി.ഇ.സി, അല്‍ബന്‍ഡസോള്‍ ഗുളിക വിതരണം ചെയ്തു.
29വാര്‍ഡുകളിലായി 51748 ആളുകള്‍ക്ക് ഗുളിക നല്‍കാനുദ്ദേശിച്ച പദ്ധതിയില്‍ 89 ശതമാനം നേട്ടം കൈവരിച്ചു. ബാക്കിയുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം നടന്ന മോപ്പ്അപ്പ് റൗണ്ടില്‍ നല്‍കി.
രണ്ടാം ഘട്ടം തീരദേശ ആരോഗ്യ ബ്ലോക്കുകളായ മാറഞ്ചേരി, തൃക്കണാപുരം, വളവന്നൂര്‍, വെട്ടം നെടുവ എന്നിവിടങ്ങളില്‍ 21 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടത്തും. ഇതിന്റെ ഭാഗമായി 21 മുതല്‍ 23 വരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ച് ബോധവല്‍ക്കരണം നടത്തുകയും ഗുളിക കഴിപ്പിക്കുകയും ചെയ്യും. 24 മുതല്‍ 26 വരെ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ മേല്‍ നോട്ടത്തില്‍ ഭവന സന്ദര്‍ശനം നടത്തി ഗുളികകള്‍ കഴിപ്പിക്കുകയും 21 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ഷോപ്പ്അപ്പ് നടത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വിട്ടുപോയവരെ ഗുളികകള്‍ കഴിപ്പിക്കും.
വിമാനത്താവളങ്ങള്‍, ബസ്സ്റ്റാന്‍ഡ്, ഇതര സംസ്ഥാന തൊഴിലിടങ്ങള്‍, ആശുപത്രികള്‍, ആയുഷ്‌കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 25,26 തിയതികളിലും മരുന്ന് കഴിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഒന്നാം ഘട്ടത്തിലെ പരിപാടിയില്‍ പൊന്നാനിയിലെ ജനങ്ങള്‍ നല്ല സഹകരണമാണ് നല്‍കിയതെന്ന് ഡി.എം.ഒ പറഞ്ഞു. തുടര്‍ന്നും എല്ലാ ജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."