ആഗോള നിക്ഷേപക സംഗമം ഇന്ന് തുടങ്ങും
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പതിപ്പ് അസെന്‍ഡ് 2020 ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കും. തൊഴിലാളി സൗഹൃദമെന്ന് ഉയര്‍ത്തിക്കാട്ടി, പരമാവധി വിദേശ നിക്ഷേപം നാട്ടിലെത്തിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയപരിപാടിയുടെ ചുവടുപിടിച്ചാണ് സംഗമം. എന്നാല്‍, ദേശീയ പണിമുടക്ക് പരിപൂര്‍ണമായി സര്‍ക്കാര്‍ പിന്തുണയോടെ നടപ്പാക്കുന്നതിന് നിക്ഷേപകര്‍ സാക്ഷികളാകേണ്ടിവന്നത് തുടക്കത്തിലേ കല്ലുകടിയായി.
ഇന്നും നാളെയുമാണ് പരിപാടികള്‍ ബോള്‍ഗാട്ടിയിലെ ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുക. ഇതില്‍ പങ്കെടുക്കാനായി വിദേശത്തുനിന്നെത്തുന്ന നിക്ഷേപകര്‍ കണ്ടത് പൂര്‍ണ ബന്ദാണ്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ നിയന്ത്രിക്കുന്ന കൊച്ചിയുടെ അവസ്ഥ കണ്ട് ഭയക്കുന്നവരുടെ മുന്നിലേക്കാണ് ഏകജാലക സംവിധാനവും മറ്റും തുറന്ന് നിക്ഷേപക സൗഹൃദമെന്ന സര്‍ക്കാര്‍ വാഗ്ദാനം.
മുത്തൂറ്റ് ഗ്രൂപ്പ് ഫിനാന്‍സിന്റെ എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ക്കെതിരേയുണ്ടായ ആക്രമണവും തിരിച്ചടിയാണ്. തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിനിടെയുണ്ടായ ആക്രമണം വ്യവസായികളെയും നിക്ഷേപകരെയും ഭയപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് പ്രമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ പോലും ആക്രമണത്തെയൊ ഹര്‍ത്താലുകളെയോ തള്ളിപ്പറയാന്‍ തയാറാകാതെ ന്യായീകരിക്കുന്ന തരത്തില്‍ പ്രതികരിക്കുന്നത് നിക്ഷേപകര്‍ നിരീക്ഷിക്കുന്നുണ്ട്.
നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ടോണി തോമസ് നടത്തിയ പ്രതികരണവും നിക്ഷേപകരുടെ ആശങ്കയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സംസ്ഥാനത്ത് പണമൊഴുക്കിയ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിനെതിരായ നീക്കമാണ് മരടിലുള്‍പ്പെടെ നടക്കുന്നതെന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ആരോപിക്കുന്നുണ്ട്. അഴിമതി നടത്തി അനുമതി നല്‍കിയ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് വഞ്ചനയാണെന്നുള്ള ഇവരുടെ വാദം കേട്ടില്ലെന്നു നടിക്കാനാവില്ല. നിക്ഷേപക സംഗമത്തിനുപിന്നാലെയാണ് ഫ്‌ളാറ്റ് പൊളി തീരുമാനിച്ചിരിക്കുന്നത്.
ഫ്‌ളാറ്റ് പൊളിയുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയില്‍ നിന്ന് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വിദേശത്തുനിന്നെത്തുന്ന നിക്ഷേപകര്‍ക്ക് കേരളത്തിന്റെ വ്യവസായ കാലാവസ്ഥ അനുകൂലമാണെന്ന് കരുതുന്നതില്‍ ഒന്നുകൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.
ഇതിനൊക്കെ പുറമേയാണ് സാവകാശം നല്‍കാതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി ഈ രംഗത്തെ വ്യവസായത്തെ ഇല്ലാതാക്കി തൊഴിലാളികളെ നിരാലംബരാക്കിയത്. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ മേല്‍ക്കോയ്മ നടപ്പായത് കുത്തക കമ്പനികളുടെതാത്പര്യത്തിനുസരിച്ചായിരുന്നെന്ന ആരോപണവും നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."