ഹൈന്ദവതയും ഹിന്ദുത്വവാദവും ഒന്നല്ലെന്ന് തരൂര്‍
ഹിന്ദുത്വ സവര്‍ക്കറുടെ ആശയമാണെന്നും അതു ഏക ജാതീയത ഉദ്‌ഘോഷിക്കുന്ന വംശീയ വകഭേദമാണെന്നും തരൂര്‍ പറഞ്ഞു
ന്യൂഡല്‍ഹി: ഹിന്ദു എന്നതും ഹിന്ദുത്വവും വ്യത്യസ്തമാണെന്നു സമര്‍ഥിച്ച് ശശി തരൂര്‍ എം.പി. രണ്ടിനെയും താരതമ്യം ചെയ്യുന്ന വിശദമായ പട്ടികയുമായാണ് അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. ഹിന്ദുവിന്റെ ശത്രു ഇസ്‌ലാമോ ക്രിസ്ത്യാനിറ്റിയോ സോഷ്യലിസമോ അല്ലെന്നും മറിച്ച് ഹിന്ദുത്വമാണെന്നും തരൂര്‍ ട്വീറ്റില്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദൂയിസം എല്ലാ സാംസ്‌ക്കാരിക വൈവിധ്യങ്ങളുടെയും പാരമ്പര്യങ്ങളെയും ഉള്‍കൊള്ളുന്നതാണെന്നും അതിന് പ്രത്യേകിച്ചൊരു സ്ഥാപകന്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഹിന്ദുത്വ സവര്‍ക്കറുടെ ആശയമാണെന്നും അതു തികച്ചും ഏക ജാതീയത ഉദ്‌ഘോഷിക്കുന്ന ഒരു വംശീയ പ്രാദേശിക വകഭേദമാണെന്നുമാണ് തരൂരിന്റെ വാദം.
1923ല്‍ കേവലം ഒരു രാഷ്ടീയ ധാരയായി നിലവില്‍ വന്ന ഹിന്ദുത്വ എങ്ങനെയാണ് ആയിരക്കണക്കിനു വര്‍ഷം മുന്‍പേ ഇന്ത്യക്കാര്‍ ഒരു ജീവിത രീതിയായി സ്വീകരിച്ച ഹിന്ദൂയിസത്തിനു ബദലാകുകയെന്നാണ് തരൂര്‍ ചോദിക്കുന്നത്. ഹൈന്ദവതയ്ക്കു വേദങ്ങളും പുരാണങ്ങളുമുണ്ട്. എന്നാല്‍, ഹിന്ദുത്വ വാദികള്‍ എല്ലാമെല്ലാമായി കാണുന്നത് സവര്‍ക്കറുടെ 'ഹിന്ദുത്വ: ആരാണ് ഹിന്ദു?' എന്ന രാഷ്ടീയ ലഘുലേഖയാണെന്നും കുറ്റപ്പെടുത്തുന്നു. എല്ലാം വായിച്ച് നിങ്ങള്‍ ഹിന്ദുവാണോ അതോ ഹിന്ദുത്വവാദിയാണോയെന്ന് സ്വയം സാക്ഷ്യപ്പെടുത്തണമെന്നും തരൂര്‍ ട്വീറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."