പൗരത്വ നിയമ ഭേദഗതി കിട്ടിയ താരങ്ങളെ വച്ച് വിഡിയോ പ്രചാരണവുമായി ബി.ജെ.പി
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തു പ്രതിഷേധം ശക്തമായിത്തന്നെ തുടരുമ്പോള്‍, പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ശ്രമങ്ങള്‍ പാളുന്നു. കേന്ദ്രമന്ത്രിമാരടക്കം പ്രമുഖര്‍ വീടുകള്‍ കയറിയിറങ്ങി നിയമത്തിന് അനുകൂലമായ തരംഗമുണ്ടാക്കുകയെന്ന തന്ത്രം തുടക്കത്തിലേ പാളിയിരുന്നു.
ഡല്‍ഹിയില്‍ ബി.ജെ.പിയുടെ സ്വാധീനപ്രദേശത്ത് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു തന്നെ ഗോ ബാക്ക് വിളി കേള്‍ക്കേണ്ടിവന്നതിനു പുറമേ, കേരളത്തിലടക്കം പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിമാര്‍ക്കു പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും നേരിടേണ്ടിവന്നിരുന്നു. ബോളിവുഡില്‍നിന്നടക്കം പ്രമുഖ താരങ്ങള്‍ നിയമത്തിനെതിരേ പരസ്യമായി രംഗത്തെത്തുകകൂടി ചെയ്തതോടെ, നിയമത്തെക്കുറിച്ച് വിശദീകരിക്കാന്‍ മുംബൈയില്‍ ബോളിവുഡ് താരങ്ങളുടെ യോഗം വിളിച്ചു. ഇതില്‍ പക്ഷേ പ്രമുഖ താരങ്ങളാരും പങ്കെടുത്തില്ല. എന്നാല്‍, ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ വിദ്യാര്‍ഥികളെ ദീപികാ പദുക്കോണ്‍ അടക്കമുള്ളവര്‍ സന്ദര്‍ശിക്കുകകൂടി ചെയ്തതോടെ സര്‍ക്കാരും പാര്‍ട്ടിയും കൂടുതല്‍ പ്രതിരോധത്തിലായി.
ഇതോടെ, കിട്ടിയ താരങ്ങളെ വച്ച് പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ വിഡിയോ നിര്‍മിച്ച് പുറത്തുവിട്ടിരിക്കുകയാണ് ബി.ജെ.പി. ഗായകന്‍ ഷാന്‍, താരങ്ങളായ തനിഷ മുഖര്‍ജി, രണ്‍വീര്‍ ഷെറോയ്, ഡയരക്ടര്‍ അനില്‍ ശര്‍മ എന്നിവരാണ് ഇന്നലെ പുറത്തുവിട്ട വിഡിയോയില്‍ നിയമത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, നിയമത്തിനെതിരേ മുംബൈയിലും ഡല്‍ഹിയിലുമായി പ്രമുഖ താരങ്ങളാണ് രംഗത്തിറങ്ങിയിരുന്നത്. ഒട്ടേറെ താരങ്ങള്‍ സോഷ്യല്‍മീഡിയ വഴിയും രംഗത്തെത്തിയിരുന്നു.
ദീപികാ പദുക്കോണിനെതിരേ ബി.ജെ.പി
മുംബൈ: ജെ.എന്‍.യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് നടി ദീപികാ പദുക്കോണിനെതിരേ ബി.ജെ.പിയുടെ സോഷ്യല്‍മീഡിയാ ആക്രമണം. കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖരാണ് ദീപികയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.
ദീപികയേയും അവരുടെ സിനിമകളെയും ബഹിഷ്‌കരിക്കാനായിരുന്നു ബി.ജെ.പി വക്താവ് സാംബിത് പത്രയുടെ പ്രതികരണം. തുടര്‍ന്നു നിരവധി ബി.ജെ.പി നേതാക്കള്‍ ദീപികയ്‌ക്കെതിരേ രംഗത്തെത്തി. എന്നാല്‍, ദീപികയ്ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും ബോളിവുഡ് താരങ്ങളുമടക്കം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."