നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ സംഭവം; നാലു പേര്‍ അറസ്റ്റില്‍
ആലപ്പുഴ: ദേശീയ പണിമുടക്ക് ദിവസം ഹൗസ്‌ബോട്ടില്‍ യാത്രചെയ്യവേ നൊബേല്‍ സമ്മാനജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശികളായ ജോയി, സാബു, സുധീര്‍, അജി എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ലെവിറ്റും ഭാര്യയും അടക്കമുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് സമരാനുകൂലികള്‍ ആലപ്പുഴയില്‍ തടഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം ഇവര്‍ ഹൗസ് ബോട്ടില്‍ വേമ്പനാട്ട് കായലിന് നടുവില്‍ കുടുങ്ങിയിരുന്നു.
കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനാണ് ലെവിറ്റ് കേരളത്തിലെത്തിയത്.
വിനോദസഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇത് അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ സമരാനുകൂലികള്‍ തടഞ്ഞിട്ടത്. കുമരകത്തു നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകള്‍ രാത്രി ആര്‍ ബ്ലോക്കില്‍ നിര്‍ത്തിയിരുന്നു. രാവിലെ അവിടെനിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ തടഞ്ഞത്. മൂന്നു ബോട്ടുകളിലാണ് വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിയത്.മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകള്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് സമരാനുകൂലികള്‍ വിട്ടുനല്‍കിയത്.
അതേസമയം, സമരാനുകൂലികള്‍ തന്നെ കായലില്‍ തടഞ്ഞതില്‍ പരാതിയില്ലെന്ന് ലെവിറ്റ് പറഞ്ഞിരുന്നു. വിവാദത്തോട് പ്രതികരിക്കാനില്ല. കേരളം നല്ലയിടമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വിവാദമായതിനു പിന്നാലെ വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം കളക്ടര്‍മാര്‍ ലെവിറ്റിനെ നേരില്‍ കണ്ട് സര്‍ക്കാരിനു വേണ്ടി ഖേദം അറിയിച്ചിരുന്നു.
2013ല്‍ കെമിസ്ട്രിയില്‍ നൊബേല്‍ സമ്മാനം നേടിയ ലിത്വാനിയന്‍ സ്വദേശിയാണ് മൈക്കല്‍ ലെവിറ്റ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച അദ്ദേഹം ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."