ട്രെയിനിന്റെ സീറ്റിനിടയില്‍ യാത്രക്കാരിയുടെ കൈ കുടുങ്ങി; കണ്ണൂര്‍-മംഗളുരു പാസഞ്ചര്‍ കാഞ്ഞങ്ങാട്ട് പിടിച്ചിട്ടു
കാഞ്ഞങ്ങാട്: ട്രെയിനിന്റെ സീറ്റിനിടയില്‍ യാത്രക്കാരിയുടെ കൈകുടുങ്ങിയത് പരിഭ്രാന്തി പരത്തി. കുടുങ്ങിയ കൈ പുറത്തെടുക്കാന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ അരമണിക്കൂര്‍ പിടിച്ചിട്ടു. ഏറെനേരത്തെ പരിഭ്രാന്തിയ്ക്കും പരിശ്രമത്തിനും ശേഷമാണ് റെയില്‍വേ അധികൃതരും സഹയാത്രികരും ചേര്‍ന്ന് സീറ്റ് തകര്‍ത്ത് കൈ പുറത്തെടുത്തത്. ഇന്നലെ രാവിലെ കണ്ണൂരില്‍നിന്ന് മംഗളൂരുവിലേക്കു പോകുന്ന പാസഞ്ചര്‍ ട്രെയിനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ട്രെയിനിന്റെ സിംഗിള്‍ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ സീറ്റിനടിയിലേക്ക് വീഴുകയായിരുന്നു. ട്രെയിനിന്റെ ബോഡിയോട് ചേര്‍ന്ന സീറ്റിന്റെ ഭാഗത്തിലൂടെയാണ് മൊബൈല്‍ ഫോണ്‍ ഊര്‍ന്ന് വീണത്. ഈ ഭാഗത്തു കൂടി തന്നെ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ കൈയിട്ട യുവതിയുടെ കൈപ്പത്തിയുടെ ഭാഗം പൂര്‍ണമായും സീറ്റിനിടയില്‍ കുടുങ്ങി.
കൈ പുറത്തെടുക്കാനാവാതെ ബുദ്ധിമുട്ടിയ പെണ്‍കുട്ടിയുടെ അവസ്ഥ ട്രെയിനില്‍ പരിഭ്രാന്തി പരത്തി. ഇതിനിടയില്‍ ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലത്തിയിരുന്നു. തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരും സ്ഥലത്തെത്തി.
റെയില്‍വേ അധികൃതരും ഏറേനേരം മിനക്കെട്ടുവെങ്കിലും കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്ന് വലിയ പാരകള്‍ കൊണ്ടുവന്ന് സീറ്റ് തകര്‍ത്താണ് യാത്രക്കാരിയുടെ കൈ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂര്‍ നേരം ട്രെയിന്‍ കാഞ്ഞങ്ങാട് പിടിച്ചിട്ടു.
പാസഞ്ചര്‍ ട്രെയിനിനു പിന്നാലെയെത്തിയ മലബാര്‍ എക്സ്പ്രസിനെ കടത്തിവിട്ട ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."