ഭവനപദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചെന്ന് ആരോപണം
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) ഭവനപദ്ധതിക്ക് വേണ്ടി പഞ്ചായത്തില്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിച്ചതായി പഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കി വരുന്ന ഐ.എ.വൈ ഭവനപദ്ധതിയുടെ പേര് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) എന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റി നാമകരണം ചെയ്തതോടനുബന്ധിച്ച് പദ്ധതിക്കുള്ള ഗുണഭോക്താക്കളെ 2011 ല്‍ തയാറാക്കിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് വിവരങ്ങളുടെ കരട് ലിസ്റ്റില്‍നിന്നും തെരഞ്ഞെടുക്കുന്നതിനാണ് നിര്‍ദേശം ലഭിച്ചത്.
എന്നാല്‍ ഇപ്രകാരമുള്ള കരട് ലിസ്റ്റിലെ അപാകതകള്‍ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ ലിസ്റ്റില്‍പ്പെട്ട ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും ഭവനനിര്‍മാണ ധനസഹായം ലഭിച്ചിട്ടുമുണ്ട്.
ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ പേരുമാത്രം രേഖപ്പെടുത്തിയാണ് ഈ ലിസ്റ്റ് ലഭ്യമാക്കിയത്. പഞ്ചായത്തില്‍ 2015ല്‍ ഐ.എ.വൈ ഭവനപദ്ധതിക്കു വേണ്ടി നിയമാനുസൃതം അപേക്ഷകള്‍ ക്ഷണിച്ച് ആവശ്യമായ പരിശോധന നടത്തി ഗ്രാമസഭകള്‍ അംഗീകരിച്ചു തയാറാക്കിയ പെര്‍മനന്റ് വെയ്റ്റിങ് ലിസ്റ്റില്‍ ഇനിയും 1072 ഗുണഭോക്താക്കള്‍ ശേഷിക്കുന്നുണ്ട്.
2011ല്‍ തയാറാക്കിയ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് വിവരങ്ങളുടെ കരട് ലിസ്റ്റില്‍ പെര്‍മനന്റ് വെയ്റ്റിങ് ലിസ്റ്റിലുള്ള പല ഗുണഭോക്താക്കളും ഉള്‍പ്പെട്ടിട്ടില്ല. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണ ധനസഹായം നിഷേധിക്കുന്ന ഈ നടപടിയില്‍ പഞ്ചായത്ത് ഭരണസമിതി ശക്തമായ പ്രതിഷേധിക്കുകയും ഈ നടപടിക്കെതിരേ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് ഗ്രാമീണ ജനങ്ങളുടെ പാര്‍പ്പിട സ്വപ്നം നിയമാനൃതം യാഥാര്‍ഥ്യമാക്കുന്നതിന് ഐ.എ.വൈ പദ്ധതിക്ക് വേണ്ടി തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കടവന്‍ ഹംസ, വൈസ് പ്രസിഡന്റ് ഷീല രാമദാസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഫൈസല്‍, ക്ഷമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തള സജീവന്‍, ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം കേളോത്ത്, മെമ്പര്‍മാരായ റഹിയാനത്ത് മുഹമ്മദ്, മേരി ഐമനച്ചിറ, അഗില സുരേന്ദ്രന്‍, റൈഹാനത്ത് ബഷീര്‍, പി.ജെ രാജേന്ദ്രപ്രസാദ്, സ്മിത സുനില്‍, ബിനു ജേക്കബ്, പ്രകാശ് കാവുമുറ്റം, സുനീറ പഞ്ചാര, സി.ജെ ജോണ്‍, റഷീന സുബൈര്‍, അബ്ബാസ് പുന്നോളി, ടി.കെ സരിത എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."