നോക്കുകുത്തിയായി മേല്‍പറമ്പ് പൊലിസ് സ്റ്റേഷന്
ചട്ടഞ്ചാല്‍: പുതുതായി അനുവദിച്ച മേല്‍പറമ്പ് പൊലിസ് സ്റ്റേഷന് തുറന്നില്ല. കാസര്‍കോട് കാഞ്ഞങ്ങാട് ചന്ദ്രഗിരിപാതയിലെ മേല്പറമ്പില് നിന്ന് എട്ടു കിലോമീറ്ററോളം മാറി ദേശീയപാതയോരത്തെ ചട്ടഞ്ചാലിലാണ് പൊലിസ് സ്റ്റേഷന് ഒരുക്കിയത്. ചട്ടഞ്ചാല്‍ തെക്കില്‍ ഇറക്കത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് സ്റ്റേഷന്.
ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ പൊലിസ് സ്റ്റേഷന് ഉദ്ഘാടനം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും തുറന്നില്ല. മേല്‍പറമ്പ് പൊലിസ് സ്റ്റേഷന് അനുവദിക്കുമ്പോള്‍ പരിധി നിശ്ചയിച്ചതിലുള്ള അപാകതയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തടസമായതെന്നാണ് സൂചന. ഉദുമ ഏരിയയിലെ ബാര വില്ലേജ് ഉള്‍പ്പെടെ മേല്‍പറമ്പ് പൊലിസ് സ്റ്റേഷനു കീഴില്‍ നിശ്ചയിച്ചാണ് പൊലിസ് സ്റ്റേഷന് അനുവദിച്ചത്. എന്നാല്‍ മേല്പറമ്പില് നിന്നു സ്റ്റേഷന് എട്ടു കിലോമീറ്ററോളം മാറി ചട്ടഞ്ചാല്‍ പ്രദേശത്ത് എത്തിയതോടെ ബാര വില്ലേജില്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് നിലവിലുള്ള ബേക്കല്‍ പൊലിസ് സ്റ്റേഷനിലേക്കാണ് ദൂരക്കുറവും യാത്രാ സൗകര്യവും. സ്റ്റേഷന് ചട്ടഞ്ചാലില്‍ സ്ഥാപിച്ച് ഉദ്ഘാടനം നടക്കുന്ന ദിവസവും അധികൃതര്‍ നിശ്ചയിച്ച ശേഷമാണ് പരിധി സംബന്ധമായ പ്രശ്നങ്ങള്‍ കാരണം ഉദ്ഘാടനം മുടങ്ങിയത്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പരിധി പ്രശ്നം പരിഹരിക്കാനോ പൊലിസ് സ്റ്റേഷന് തുറക്കാനോ അധികൃതര്‍ക്കായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."