ആനുകൂല്യങ്ങള്‍ ലഭിക്കാതെ ആദിവാസി സഹോദരങ്ങള്‍ ദുരിതത്തില്‍
പുല്‍പ്പള്ളി: നാലുവശവും വനത്താല്‍ ചുറ്റപ്പെട്ട് അനാഥാവസ്ഥയില്‍ കഴിയുന്ന കുറിച്യാട് ഗ്രാമത്തിന്റെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിനും ചെറുതല്ലാത്ത പങ്കുണ്ട്. സാധാരണ ഗതിയില്‍ ആദിവാസികള്‍ വീടുകളിലാണ് പ്രസവിക്കുന്നതെങ്കില്‍ പലപ്പോഴും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. എന്നാലും സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ചെല്ലുമ്പോള്‍ കുറെയൊക്കെ കൃത്യമായ തിയതിയായിരിക്കും രേഖപ്പെടുത്തുന്നത്. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥകൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് അനാഥരായ കുട്ടികള്‍ വയനാട്ടിലെ കുറിച്യാട് ഗ്രാമത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിന് വീടിനു സമീപത്തുനിന്ന് കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട ബാബുരാജിന്റെ അനാഥരായ അനുജത്തി വിനീതയുടെയും വിനീതയുടെ അനുജന്‍ അപ്പുക്കുട്ടന്റെയും ജനന തിയതികള്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുകയാണ്. കുറിച്യാട്ടെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുള്ളന്റെയും മാച്ചിയുടെയും മക്കളാണ് വിനീതയും അപ്പുക്കുട്ടനും. കുള്ളന്‍ ഈ കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ത്തന്നെ മരിച്ചു. ഭര്‍ത്താവ് മരിച്ചതോടെ മാച്ചി മക്കളെ ഉപേക്ഷിച്ച് വനത്തിനു പുറത്തുള്ള മറ്റൊരു കോളനിയിലേക്ക് പോയി.
അനാഥരായ കുട്ടികള്‍ പിന്നീട് കഴിഞ്ഞ വര്‍ഷംവരെ വളര്‍ന്നത് ചേട്ടന്‍ ബാബുരാജിന്റെ കീഴിലായിരുന്നു. ബാബുരാജിനെ കടുവ കൊല്ലുമ്പോള്‍ കൂടെയുണ്ടായിരുന്ന അയാളുടെ ഭാര്യ സഹായധനമായി ലഭിച്ച 10 ലക്ഷം രൂപയും വാങ്ങി വനത്തിനു പുറത്തേക്ക് ജീവിക്കാന്‍ പോയതോടെ അപ്പുക്കുട്ടനും വിനീതയും വീണ്ടു അനാഥത്വത്തിലേക്ക് മടങ്ങുകയായിരുന്നു.
1996 ഡിസംബറിനു മുമ്പ് ജനിച്ചവര്‍ക്ക് വനത്തില്‍നിന്നും ഒഴിഞ്ഞുപോകാന്‍ തയാറാണെങ്കില്‍ 10-ലക്ഷം രൂപവീതം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സഹോദരങ്ങള്‍ക്ക് 20-ലക്ഷം രൂപ നല്‍കുന്നതിനായാണ് വനംവകുപ്പ് പദ്ധതി തയാറാക്കിയത്. 1996-ജനുവരിയില്‍ ജനിച്ച അപ്പുക്കുട്ടന് വനംവകുപ്പ് വാച്ചറായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി നല്‍കുകയും ചെയ്തു. എന്നാല്‍ ചേച്ചി വിനീതയുടെയും അനുജന്‍ അപ്പുക്കുട്ടന്റെയും സ്‌കൂള്‍ രേഖകള്‍ പ്രകാരമുള്ള ജന തിയതി പരിശോധിച്ചപ്പോഴാണ് എല്ലാവരും ഞെട്ടിയത്. സ്‌കൂള്‍ രേഖകള്‍പ്രകാരം ചേച്ചിയായ വിനീത അനുജത്തിയാണ്, ജനന തിയതി 1997-ഏപ്രില്‍ ഒന്ന്. വിനീതയുടെ അനുജന്‍ അപ്പുക്കുട്ടന്റെ ജനന തിയതി 1997-ജനുവരി ഒന്ന്. അങ്ങനെ സര്‍ക്കാര്‍ രേഖകളില്‍ ചേച്ചി അനുജത്തിയായി, അനുജന്‍ അപ്പുക്കുട്ടന്‍ ചേട്ടനുമായി. യഥാര്‍ഥത്തില്‍ വിനീതയുടെ ജനന തിയതി 1995 ഉം അപ്പുക്കുട്ടന്റെ ജനനതിയതി 1996 ഉം ആണ്. സ്‌കൂള്‍ രേഖകളിലെ ഈ തെറ്റ് തിരുത്താന്‍ ജില്ലാ കലക്ടറടക്കമുള്ളവരെ ഈ അനാഥ കുട്ടികള്‍ സമീപിച്ചെങ്കിലും സ്‌കൂള്‍ രേഖകളിലെ ജനന തിയതി മാറ്റാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."