ഉപാധികളോടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുമതി
ജിദ്ദ: സഊദിയിലെ ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ് അനുമതി നല്കി. എന്നാല്‍ വ്യവസ്ഥകള്‍ക്കും ഉപാധികള്‍ക്കും വിധേയമായിട്ടായിരിക്കും ഇതിനു സാധിക്കുക.
വേതനം മൂന്നു മാസം വൈകിച്ചാലും എയര്‍പോര്‍ട്ടുകളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ തൊഴിലുടമകള്‍ സ്വീകരിക്കാതിരുന്നാലും സഊദിയിലെത്തി പതിനഞ്ചു ദിവസത്തിനകം അഭയ കേന്ദ്രങ്ങളില്‍നിന്ന് വേലക്കാരെ സ്വീകരിക്കാതിരുന്നാലും അവരുടെ സ്പോണ്‍സര്‍ഷിപ്പ് പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റാം. ഇതിനു പുറമെ 30 ദിവസം കഴിഞ്ഞിട്ടും ഇഖാമ ലഭ്യമാക്കാതിരിക്കുക, ഇഖാമ പുതുക്കി നല്‍കാതിരിക്കുക, തൊഴിലാളികളുടെ അറിവും സമ്മതവുമില്ലാതെ മറ്റുള്ളവര്‍ക്ക് താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ കൈമാറുക, തൊട്ടടുത്ത ബന്ധുക്കള്‍ അല്ലാത്തവരുടെയടുത്ത് ജോലിക്ക് നിയോഗിക്കുക, ആരോഗ്യത്തിന് ഹാനികരമായ ജോലികള്‍ നിര്‍വഹിക്കുന്നതിന് നിര്‍ബന്ധിക്കുക, സ്പോണ്സറോ കുടുംബാംഗങ്ങളില്‍ ആരെങ്കിലുമോ മോശമായി പെരുമാറുക, തൊഴിലാളികള്‍ നല്കിയ തൊഴില്‍ കേസുകള്‍ നീട്ടിക്കൊണ്ടുപോകുക എന്നീ സന്ദര്‍ഭങ്ങളിലും ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുവദിക്കും.
തൊഴിലാളികള്‍ക്കെതിരെ വ്യാജ പരാതികള്‍ നല്കിയാലും തൊഴിലാളി നല്കിയ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ തുടര്‍ച്ചയായി രണ്ടു തവണ ഹാജരാകാതിരുന്നാലും സ്പോണ്‍സര്‍ഷിപ്പ് മാറാം. തൊഴിലുടമയുടെ യാത്ര, ജയില്‍ വാസം, മരണം എന്നിവ അടക്കമുള്ള കാരണങ്ങളാല്‍ തുടര്‍ച്ചയായി മൂന്നു മാസം വേതന വിതരണം മുടങ്ങിയാലും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അനുമതിയുണ്ടാവുമെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."