ഹര്‍ത്താലിനെതിരേ വ്യാപാരികളുടെ പ്രതിഷേധം
തളിപ്പറമ്പ് : ഹര്‍ത്താലിനെതിരെ തളിപ്പറമ്പിലെ വ്യാപാരികള്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതീകാത്മകമായി കടകള്‍ തുറന്നും മൗനജാഥ നടത്തിയുമാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചതിനു പിറകെയാണ് അപ്രതീക്ഷിതമായി മൂന്നാംനാള്‍ തന്നെ ഹര്‍ത്താല്‍ എത്തിയത്. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിരുന്നു.
രാവിലെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വ്യാപാരികള്‍ സംഗമിച്ചു. എന്നാല്‍ വ്യാപാര സ്ഥാപങ്ങള്‍ തുറന്നാല്‍ ഹര്‍ത്താല്‍ അനുകൂലികളില്‍നിന്നു കടുത്ത പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്ന് പ്രതീകാത്മകമായി ചില കടകള്‍ തുറന്നും കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി മൗനജാഥ നടത്തിയുമാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. മൗനജാഥയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് കെ.എസ് റിയാസ്, ജനറല്‍ സെക്രട്ടറി വി. താജുദീന്, ട്രഷറര്‍ ടി. ജയരാജ് എന്നിവര്‍ നേതൃത്വം നല്കി. ഏതു രാഷ്ട്രീയ പാര്‍ട്ടിയും സംഘടനയും ഹര്‍ത്താല്‍ നടത്തിയാലും അതു വ്യാപാര മേഖലയെയാണ് സാരമായി ബാധിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."