ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം സക്കറിയയ്ക്ക്
മനാമ: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ സക്കറിയയ്ക്ക്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് അഞ്ചിനു ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തുടര്‍ന്ന് സക്കറിയയുമായി മുഖാമുഖവും ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് സമാജം സാഹിത്യ പുരസ്‌കാരം നല്‍കുന്നതെന്ന് സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എന്‍കെ വീരമണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എം മുകുന്ദന്‍ ചെയര്‍മാനും ഡോ. കെഎസ് രവികുമാര്‍, പിവി രാധാകൃഷ്ണപിള്ള എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയയിച്ചത്. എന്നും പുതുമപുലര്‍ത്തുന്ന ഇപ്പോഴും പുതിയ തലമുറയിലെ എഴുത്തുകാരേക്കാള്‍ പുതുമയോടെയും ശക്തിയോടെയും എഴുതുന്ന സാഹിത്യകാരനാണ് സക്കറിയയെന്ന അവാര്‍ഡ് നിര്‍ണയ കമ്മിറ്റി നരീക്ഷിച്ചു.
അഞ്ചുപതിറ്റാണ്ടിലേറെയായി മലയാള ചെറുകഥാരംഗത്തും നോവല്‍ സാഹിത്യത്തിലും എന്നും പുതിയ ശബ്ദമായി നില്‍ക്കുന്ന സാഹിത്യകാരനാണ് സക്കറിയ. ആധുനികതപ്രസ്ഥാനത്തിന്റെ ഉച്ചാ വസ്ഥയില്‍ രംഗപ്രേവേശം ചെയ്ത സക്കറിയയുടെ ചെറുകഥകള്‍ ജീവിതത്തിന്റെ പൊരുള്‍ അജ്ഞേയമാണ് എന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ 'ആര്‍ക്കറിയാം' എന്ന ആത്മഗതം സക്കറിയയുടെ കഥാലോകത്തെ താക്കോല്‍ വാക്യമാണ്. പ്രമേയത്തിനനുസരിച്ച് നാടോടിക്കഥയുടെ ലാളിത്യവും ഭ്രമാത്മകരചനയുടെ സങ്കിര്‍ണ്ണതയും സക്കറിയയുടെ കഥകളില്‍ തെളിയുന്നു.
2000 മുതലാണ് ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളില്‍ എംടി വാസുദേവന്‍നായര്‍, എം മുകുന്ദന്‍, ഒഎന്‍വി, സുഗതകുമാരി, കെടി മുഹമ്മദ്, സി രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്‍, ടി പദ്മനാഭന്‍, പ്രൊഫ: എംകെ സാനു, പ്രൊഫ. കെ.ജി ശങ്കരപിള്ള, കാവാലം നാരായണ പണിക്കര്‍ എന്നിവര്‍ക്കാണ് സമാജം സാഹിത്യ പുരസ്‌ക്കാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."