പൗരത്വഭേദഗതി നിയമം: സമസ്ത സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലികുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അഡ്വ. സുല്‍ഫിക്കര്‍ അലിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വത്തിന് മതം മാനദണ്ഡമാക്കിയുള്ള നിയമ നിര്‍മ്മാണം ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് നിരക്കാത്തതാണെന്നും അത്‌കൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ റദ്ദാക്കപ്പെടേണ്ടതാണെന്നും ഹരജിയില്‍ പറയുന്നു. ഭേഭഗതി ചെയ്യപ്പെട്ട നിയമത്തിലെ മതപരമായ വേര്‍തിരിവും അയല്‍രാജ്യങ്ങളെ നിര്‍ണ്ണയിച്ചതും തികച്ചും യുക്തിരഹിതമാണെന്നും ഹരജി ആരോപിക്കുന്നു. പൗരത്വ സംബന്ധമായ ഭരണഘടന യിലെ 5 മുതല്‍ 11 വരെയുള്ള അനുഛേദങ്ങളിലോ 1955 ലെ പൗരത്വനിയമത്തിലോ സൂചിപ്പിച്ചിട്ടില്ലാത്ത ഇത്തരമൊരു മാനദണ്ഡം ഇപ്പോള്‍ അവതരിപ്പിക്കുന്നത് രാജ്യത്ത് സാമുദായിക ധ്രുവീകരണം ലക്ഷ്യം വച്ചാണെന്നും അത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണെന്നും സമസ്ത വാദിക്കുന്നു.
സമസ്തക്ക് വേണ്ടി മുതിര്‍ന്നഅഭിഭാഷകരായ ശ്യാം ദിവാന്‍, ഗോപാല്‍ ശങ്കരനാരായണന്‍, സുല്‍ഫിക്കര്‍ അലി പി. എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാവും. മുസ്‌ലിം സമൂഹത്തെ ബാധിക്കുന്ന മുത്തലാഖ്, ജെ. ജെ ആക്ട് 2015, നിക്കാഹ് ഹലാലാ, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സമസ്ത ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിലാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക നിയമനത്തിന് സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കി ക്കൊണ്ടുള്ള കഴിഞ്ഞദിവസത്തെ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹരജി നല്‍കുന്ന കാര്യവും സമസ്തയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."