അക്രമം, ആക്രോശം; കലാപ ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ അക്രമം
കണ്ണൂര്‍: ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ അക്രമം. രാവിലെ 9.45ന് താളിക്കാവിലെ ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫിസിന്റെ മുന്നിലൂടെ പോയ ജീവകാരുണ്യ സംഘടനയായ പയ്യാമ്പലം തണല്‍ വീടിന്റെ വാഹനം ആക്രമിച്ചു. അക്രമം നടത്തിയവരെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ബി.ജെ.പി ജില്ലാപ്രസിഡന്റ് പി. സത്യപ്രകാശും പൊലിസും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി.
നഗരത്തില്‍ നാലു ഓട്ടോറിക്ഷകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിതകര്‍ത്തു. റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയ ഓട്ടോകളാണ് തല്ലിതകര്‍ത്തത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് തുറന്നു പ്രവര്‍ത്തിച്ച സ്റ്റേഷനറി കടയും മില്‍മ ബൂത്തും അടിച്ചുതകര്‍ത്തു. ജില്ലാ ആശുപത്രിക്കു സമീപം ഒരു കാറും ഓട്ടോയും അടിച്ചുതകര്‍ത്തു. കണ്ണൂര്‍ മക്കാനിയില്‍ വച്ച് കണ്‍ട്രോണ്‍ റൂമിലെ എ.എസ്.ഐ മോഹനന്റെ വാഗണ്‍ ആര്‍ കാര്‍ അക്രമികള്‍ തകര്‍ത്തു. പുലര്‍ച്ചെ 5.50ന് ഡ്യൂട്ടിക്കു വരുന്നതിനിടെ വാഹനം തടഞ്ഞ് കാറിന്റെ മുന്‍പിന്‍ വശങ്ങളിലെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു.
വിവിധ സംഭവങ്ങളിലായി ജില്ലയില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 85 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇതില്‍ 14 പേരെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാന്‍ഡ് ചെയ്തു. തളാപ്പില്‍ നിര്‍ത്തിയ സേവഭാരതിയുടെ ആംബുലന്‍സ് അടിച്ചുതകര്‍ത്തു.
ഹര്‍ത്താല്‍ തുടങ്ങുന്നതിനു മുന്‍പേ പുലര്‍ച്ചെ കണ്ണൂരില്‍ യാത്രക്കാരുമായെത്തിയ ഓട്ടോക്ഷകളാണു തകര്‍ക്കപ്പെട്ടത്. കമ്പിപ്പാരയും ഇരുമ്പ് പെപ്പുകളുമായാണു പുലര്‍ച്ചെ അഞ്ചരയോടെ അക്രമം നടത്തിയത്. നാലു ബൈക്കുകളിലായി എത്തിയ സംഘം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍, ചേംബര്‍ ഹാള്‍, പഴയ ബസ്റ്റാന്‍ഡ് പരിസരം, കാല്‍ടെക്‌സ് എന്നിവിടങ്ങളില്‍ വച്ചാണ് ഓട്ടോകള്‍ തടഞ്ഞ് ആക്രമിച്ചത്. ചേംബര്‍ ഹാളിനടുത്ത് ഓട്ടോയാത്രക്കാരിയായ പി.പി ഇസ്മത്തിന് അക്രമത്തില്‍ പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ചിറക്കല്‍ പഞ്ചായത്ത് ഓഫിസ് ഒരുസംഘം അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി.
തലശ്ശേരി: തലശ്ശേരി മേഖലയില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് ഹര്‍ത്താല്‍ അനുകൂലികള്‍. കൊളശ്ശേരിയില്‍ ദിനേശ് ബീഡിക്കമ്പനിക്കു നേരെയും സി.പി.എം പ്രവര്‍ത്തകനായ ബ്രിട്ടോയുടെ സ്ഥാപനത്തിനുമാണു ഇന്നലെ രാവിലെ ആദ്യം ബോംബേറു നടന്നത്. തുടര്‍ന്നു കൊളശ്ശേരിയിലെ ബി.ജെ.പി നിയന്ത്രണത്തിലുള്ള അയോധ്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെയും ബോംബേറുണ്ടായി. ബീഡി കമ്പനിക്കുനേരെ എറിഞ്ഞ മൂന്നു സ്റ്റീല്‍ ബോംബുകള്‍ പൊട്ടിയില്ല. പൊട്ടാത്ത ബോംബുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊളശ്ശേരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസിനു നേരെയും ബോംബെറിഞ്ഞു. മഞ്ഞോടി കണ്ണിച്ചിറക്കു സമീപത്തെ തുറന്നകട പൂട്ടിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. അക്രമികളെ വിരട്ടിയോടിച്ചു. തലായി, മാടപ്പീടിക എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടുറോഡില്‍ ടയറിനു തീയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു. മഞ്ഞോടി കല്ലായിതെരുവില്‍ ബോംബ് സ്‌ഫോടനമുണ്ടായി. മര്‍ദനത്തില്‍ പരുക്കേറ്റ രണ്ടു യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പൊലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി.
മൂന്നാം റെയില്‍വെ ഗേറ്റിനു സമീപത്തെ സി.പി.എം പ്രവര്‍ത്തകരായ എം.സി ബാലന്റെയും നിഷാന്തിന്റെയും വീടുകള്‍ക്കു നേരേയുണ്ടായ ബോംബേറില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നു സി.പി.എം ആരോപിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍സെക്രട്ടറി എന്‍. ഹരിദാസിന്റെ വീടിനുനേരെയും അക്രമമുണ്ടായി. തിരുവങ്ങാട്ടെ വീടിനു നേരെയാണ് ഇന്നലെ വൈകിട്ട് അക്രമം നടന്നത്. ആര്‍ക്കും പരുക്കില്ല. സംഘം ചേര്‍ന്ന്
വീടിന്റെ ജനല്‍ചില്ലുകളും കസേരകളും തകര്‍ക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
പാനൂര്‍: ഹര്‍ത്താലില്‍ വടക്കേ പൊയിലൂരില്‍ പൊലിസ് ജീപ്പിനു നേരെ അക്രമം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലിസുകാരന്റെ ബൈക്കിനു നേരെയും അക്രമം നടന്നു. വടക്കെ പൊയിലൂരില്‍ റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പിന്തിരിപ്പിക്കുന്നതിനിടെ വധശ്രമക്കേസിലെ പ്രതിയെ കൊളവല്ലൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഇയാളെ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ ഒരുകൂട്ടം സ്ത്രീകള്‍ തടയുകയും പൊലിസുമായി പിടിവലി നടത്തുകയും ചെയ്തു. പ്രതിയെ അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ച ശേഷം സംഭവസ്ഥലത്തേു വീണ്ടും എത്തിയപ്പോഴാണു പൊലിസ് ജീപ്പിനു നേരെ അക്രമമുണ്ടായത്. ജീപ്പിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. പ്രതിയെ അറസ്റ്റു ചെയ്യുന്നതിനിടെ ഉണ്ടായ പിടിവലിയില്‍ ബി.ജെ.പി പ്രവര്‍ത്തകയായ പറമ്പഞ്ചേരി ശാരദയ്ക്കു (62) പരുക്കേറ്റു. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ കൊളവല്ലൂര്‍ അഡീഷണല്‍ എസ്.ഐ സനലിനു നേരെയാണ് മീത്തലെ കുന്നോത്തുപറമ്പിലെ ചേരിക്കലില്‍ അക്രമം നടന്നത്. സനല്‍ സഞ്ചരിച്ച ബൈക്ക് അടിച്ചുതകര്‍ത്തു. പാറാട് കണ്ണങ്കോട് പാടിക്കുന്ന് ക്ഷേത്ര പരിസരത്ത് ചമ്പാട് ഐ.ടി.ഐ വിദ്യാര്‍ഥിയായ ഡി.വൈ.എഫ്.ഐ വെസ്റ്റ് കണ്ണങ്കോട് യൂനിറ്റ് ജോയിന്റ് സെക്രട്ടറി ഇളവന്റെവിടെ അശ്വന്തിനു (18) മര്‍ദനമേറ്റു. ഇയാളെ പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യന്നൂര്‍: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിന്റെ മറവില്‍ പയ്യന്നൂരില്‍ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു നേരെ അക്രമം.
പെരുമ്പയില്‍ ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു നേരേ അക്രമം. കോട്ടയത്ത് നിന്നും കാഞ്ഞങ്ങാട്ടേക്കും പാണത്തൂരിലേക്കും പോകുന്ന രണ്ടു ബസുകള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. അക്രമത്തില്‍ പരുക്കേറ്റ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ നീലേശ്വരം ചാനടുക്കം സ്വദേശി സുരേന്ദ്രനെ (41) പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
നഗരത്തെ മുള്‍മുനയിലാക്കി മണിക്കൂറുകള്‍
കണ്ണൂര്‍: ശബരിമല കര്‍മസമിതി പ്രതിഷേധ യോഗം നടത്തിയതിനു പിന്നാലെ കണ്ണൂര്‍ നഗരത്തിലെ കാല്‍ടെക്‌സ് ജങ്ഷനില്‍ സംഘര്‍ഷാവസ്ഥ.
യോഗം കഴിഞ്ഞു പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും തമ്പടിക്കുകയും തുറന്നു പ്രവര്‍ത്തിച്ച ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിക്കാന്‍ ശ്രമിച്ചക്കുകയും ചെയ്തു. ഇതു പൊലിസ് തടഞ്ഞു. ഇതിനിടയില്‍ ബി.ജെ.പിയുടെ രണ്ടു വനിതാനേതാക്കള്‍ കോഫി ഹൗസില്‍ എത്തി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കോഫി ഹൗസിനു സംരക്ഷണം തീര്‍ത്ത് സി.പി.എം പ്രവര്‍ത്തകരും തമ്പടിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. ഇതോടെ പൊലിസ് ഇടപെട്ട് ബി.ജെ.പി നേതാക്കളായ സ്ത്രീകളെ പുറത്തെത്തിക്കുകയായിരുന്നു. പൊലിസ് ഇടപെട്ടതോടെയാണ് ഇവര്‍ പിരിഞ്ഞിപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."