തണുപ്പൊരു ഉല്‍സവമാക്കി, പഴയകാല ഓര്‍മ്മകള്‍ പുതുക്കി വിറകു കൂട്ടി തീ കായുന്ന അറബികള്‍
ദോഹ: ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പ് ഖത്തറിലെ മലയാളികളെ വിറങ്ങലിപ്പിക്കുമ്പോള്‍ സുലൈമാനിയും ഖഹ്‌വയും കുടിച്ചു വിറകു കൂട്ടി ചൂടേല്‍ക്കാന്‍ നല്ല സുഖമായിരിക്കും. കൂടെ പരമ്പരാഗത അറബ് ഗാനങ്ങളും സംഗീതത്തിന്റെ മാസ്മരികതയും. തനി ഇന്ത്യന്‍ പാരമ്പര്യം ഓര്‍മപ്പെടുത്തി അറബികള്‍ തീ കായുന്ന രംഗം ഇന്ത്യക്കാര്‍ക്ക് ആസ്വാദ്യത പകരുന്നു.
അറബികള്‍ക്ക് തണുപ്പകറ്റാന്‍ ഖഷബ് (വിറക്) ആണ് ഉപയോഗിക്കുന്നത്. മലയാളിയികള്‍ വിറകും ഓലചീണ്ടുകളും തട്ടിക്കൂട്ടി തീയിട്ടു തണുപ്പില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ ഖത്തറിലെ സ്വദേശികള്‍ തണുപ്പെത്തുമ്പോള്‍ ഖഷബിനെയാണ് ആശ്രയിക്കുന്നത്. തണുപ്പ് കൂടുമ്പോള്‍ ഖഷബിന്റെ കെട്ടുകള്‍ വിപണിയിലെത്തും.
സഊദിയില്‍ നിന്നും ദുബായില്‍ നിന്നുമാണ് ഖഷബ് മരങ്ങള്‍ ഖത്തറിനെ തേടിയെടുത്തന്നത്. വിവിധ കേന്ദ്രങ്ങളില്‍ വാഹനങ്ങളിലാണ് ഖഷബ് കെട്ടുകള്‍ ആവശ്യക്കാര്‍ക്കായി തീച്ചൂടുമായി കാത്തിരിക്കുന്നത്.
പത്തിഞ്ച് വലുപ്പത്തില്‍ ഏഴ് കഷണങ്ങളുള്ള ചെറിയ കെട്ടുകളായാണ് ഖഷബ് വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. ഒരു കെട്ട് ഖഷബിന് ഇരുപത് റിയാലാണ് വില ഈടാക്കുന്നത്.
വീടുകള്‍ക്കരികിലായി ഖത്തറിലെ പഴയകാല രാവുകളെ അനുസ്മരിച്ചു ഒഴിഞ്ഞ മൈതാനങ്ങളിലും മരുഭൂമിയിലും കെട്ടിയുയര്‍ത്തുന്ന താത്ക്കാലിക ടെന്റുകള്‍ക്ക്‌സമീപം സ്വദേശികള്‍ നാട്ടുവിശേഷങ്ങള്‍ പങ്കുവച്ചും കഥകള്‍ പറഞ്ഞും ഗാനത്തിന്റെ ഈണത്തില്‍ ലയിച്ചും ശൈത്യകാല രാവുകള്‍ 'ഹയാത്താക്കുമ്പോള്‍' ഖഷബ് കത്തുമ്പോള്‍ ഉണ്ടാവുന്ന ചൂട് അനുഭൂതി പകരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ തീ കായുന്നതാണ് സുരക്ഷിതം എന്നാണ് ആരോഗ്യ വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നത്.
ഹീറ്ററുകലും ആധുനിക സൗകര്യങ്ങളും തൊട്ടു തീണ്ടാതിരുന്ന കാലത്തു ജനങ്ങള്‍ തീ കാഞ്ഞതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും പഴയ ഖത്തറികള്‍ മറന്നിട്ടില്ലെന്നു മാത്രമല്ല കൈ വിടാനും തയ്യാറില്ലെന്നാണിത് സൂചിപ്പിക്കുന്നത്. കരികളേക്കാള്‍ ഉത്തമം ഖഷബ് ആണെന്ന് തിരിച്ചറിഞ്ഞാണ് ജനങ്ങള്‍ ഇതുതന്നെ കത്തിക്കാന്‍ ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."