മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധ പ്രകടനം നടത്തി
തൃശൂര്‍: ഹര്‍ത്താലിന്റെ മറവില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്ന സംഘ്പരിവാര്‍ സംഘടനകളുടെ നിലപാടിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. തൃശൂരിലും സമരാനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
ഇന്നലെ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ ഫോട്ടോഗ്രാഫര്‍മാരായ ജോണ്സണ് (മാധ്യമം), രഞ്ജിത് (മംഗളം), ഡിവിറ്റ് പോള്‍ (ദേശാഭിമാനി), ജി.ബി കിരണ്‍ (ജനയുഗം), അനൂപ് (ഡെക്കാണ് ക്രോണിക്കിള്‍), സിദ്ധിക്കുള് അക്ബര്‍ (മാതൃഭൂമി), ചാനല്‍ കാമറാന്മാരായ സിദ്ദിക് (മീഡിയ വണ്‍), ബിവിന്‍ ആലുവ (ടി.സി.വി) എന്നിവരെ മര്‍ദിക്കുകയും തള്ളിമാറ്റുകയും ചെയ്തു.
ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്ന മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ജയേഷില്നിന്ന് മൈക്ക് പിടിച്ചെടുത്തു. ഏഷ്യാനെറ്റ് കാമറാമാന് കെ ശ്യംകുമാറിനെ ആട്ടിയോടിച്ചു. ബുധനാഴ്ച്ച ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയംഗവും സുപ്രഭാതം ഫോട്ടോഗ്രാഫറുമായ സി.ബി പ്രദീപ്കുമാറില്‍ നിന്നും കാമറ പിടിച്ചുവാങ്ങാനും ശ്രമമുണ്ടായി.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ തുടര്‍ച്ചയായി സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന അക്രമങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
സംഭവത്തിന് ഉത്തരവാദികളായവരെ പൊലിസ് അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസ് ക്ലബിന് മുന്പില് നിന്നും ആരംഭിച്ച മാര്‍ച്ച് കോര്പറേഷന് മുന്പില് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന ട്രഷറര്‍ പി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. പ്രഭാത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഡേവീസ് പൈനാടത്ത്, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്, മുന്‍ സംസ്ഥാന സെക്രട്ടറി എന്‍ ശ്രീകുമാര്‍, മുന്‍ ജില്ലാ സെക്രട്ടറി വി.എം രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.വി വിനീത സ്വാഗതവും ട്രഷറര്‍ പി.പി പ്രശാന്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."