നവംബര്‍ ഒന്നിനകം ജില്ലയെ സമ്പൂര്‍ണ ശുചിത്വജില്ലയാക്കും: കലക്ടര്‍
കോഴിക്കോട്: പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം ഇല്ലാതാക്കുന്നതിന് സ്വന്തമായി ശൗചാലയമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒക്ടോബര്‍ ഒന്നിനകം ശൗചാലയം നിര്‍മിച്ചുനല്‍കി നവംബര്‍ ഒന്നിനകം ജില്ലയെ സമ്പൂര്‍ണ ശുചിത്വജില്ലയായി പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു. ജില്ലയില്‍ നടത്തിയ ബേസ്ലൈന് സര്‍വേ പ്രകാരം 17172 ഗുണഭോക്താക്കളെ കണ്ടെത്തി. ഇവര്‍ക്ക് ശുചിത്വമിഷന്റെ വിഹിതം 12,000 രൂപയും പഞ്ചായത്തിന്റെ വിഹിതം 3,400 രൂപയും ചേര്‍ത്ത് 15,400 രൂപ നല്‍കും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. എ.ഡി.എം.ടി ജനില്‍കുമാര്‍ അധ്യക്ഷനായി. ശുചിത്വമിഷന് കോഡിനേറ്റര്‍ കെ.പി വേലായുധന് അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."