ശബരിമലയിലെ സ്ത്രീ പ്രവേശനം: കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും
ന്യൂഡല്‍ഹി: ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും. ഭരണഘടനാ ബെഞ്ചിന് വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിക്കും. കേസിലെ കക്ഷികളോടും അമികസ് ക്യൂറിയോടും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട സുപ്രിംകോടതി, കേസിലെ കക്ഷികളുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും വിധി പ്രഖ്യാപിക്കുകയെന്ന് അറിയിച്ചു. ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട ചോദ്യങ്ങള്‍ കക്ഷികളോട് എഴുതിനല്‍കാനാണ് കോടതി നിര്‍ദേശിച്ചത്. ഇക്കാര്യം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം. ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ട വിഷയങ്ങള്‍ ദീപക് മിശ്രയുടെ ബെഞ്ച് തയാറാക്കും. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന കാര്യത്തില്‍ നിലപാടുമാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കുമെന്നും കോടതി ഇന്നലെ അറിയിച്ചു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2007ല്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ ആചാരങ്ങളില്‍ മാറ്റംവരുത്തേണ്ടെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലവും കേരളം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച് സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കി. സര്‍ക്കാരിന് ഇത്തരത്തില്‍ സത്യാവാങ്മൂലം മാറ്റാന്‍ സാധിക്കുമോയെന്നതും ഭരണഘടനാ ബെഞ്ച് പരിശോധിക്കും.
ഇഷ്ടമുള്ള മതവിശ്വസം പിന്തുടരാന്‍ അവകാശമുള്ള ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം ക്ഷേത്രങ്ങള്‍ക്ക് സ്വന്തം ആചാരങ്ങള്‍ പാലിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായ കെ.കെ വേണുഗോപാല്‍ വാദിച്ചു. എന്നാല്‍, മതവും ആത്മീയതയും ദാര്‍ശനികതയും മതാചാരങ്ങളും ഒക്കെ വ്യത്യസ്തമായ കാര്യങ്ങളാണെന്ന് കോടതി പറഞ്ഞു. ശബരിമലയിലെ മതാചാരം ഭരണഘടനാപരമാണോയെന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിടുന്നതിന്റെ കാരണം വ്യക്തമാക്കി വിശദമായ വിധി പുറത്തിറക്കുമെന്നും ബെഞ്ച് അറിയിച്ചു. ശബരിമല ഭക്തര്‍ എന്നത് പ്രത്യേക വിശ്വാസി സമൂഹമാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വാദിച്ച കെ.കെ വേണുഗോപാല്‍, കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ആചാരങ്ങള്‍ക്ക് മറികടക്കാനാകുമോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടു.
ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്. ഭരണഘടനാ ബെഞ്ചിന് വിട്ടാല്‍ 11 വര്‍ഷമായി നീളുന്ന ഈ കേസിലെ വിധിവരാന്‍ ഇനിയും വൈകുമെന്ന് ഉറപ്പായി. കേസില്‍ കക്ഷിചേര്‍ന്ന ദേവസ്വം ബോര്‍ഡിനുപുറമെ, എന്‍.എസ്.എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പ സേവാ സമാജം, ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷന്‍ ഫോറം, റെഡി ടു വെയ്റ്റ്, അമിക്കസ് ക്യൂറിമാരില്‍ ഒരാളായ രാമമൂര്‍ത്തി തുടങ്ങിയവരും നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."