വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യം; ഡി.എം.കെ ഹൈക്കോടതിയില്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വിശ്വാസം തെളിയിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി സര്‍ക്കാരിനെതിരേ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
നിയമവിരുദ്ധമായി ആര്‍ജിച്ചതാണ് നിയമസഭയിലെ ഭൂരിപക്ഷം എന്നാരോപിച്ച ഡി.എം.കെ, വോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തിലുള്ള തമിഴ്‌നാട്ടില്‍ ഹൈക്കോടതി വിധി നിര്‍ണായകമാകും. ശരിയായ രീതിയിലല്ല സഭാ നടപടികള്‍ നടന്നതെന്നും ഡി.എം.കെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ഡി.എം.കെ അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കിയാണ് അണ്ണാ ഡി.എം.കെയിലെ പളനിസാമി വിഭാഗം ഭൂരിപക്ഷം തെളിയിച്ചത്. നിയമസഭയില്‍ നടന്ന അക്രമത്തിലും പ്രതിപക്ഷത്തെ പുറത്താക്കിയ നടപടിയുംചോദ്യം ചെയ്യുന്ന ഹരജിയില്‍ വിശ്വാസവോട്ട് തേടിയതിന്റെ സാങ്കേതികതയും ചോദ്യം ചെയ്യുന്നുണ്ട്. ഡി.എം.കെ സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് മദ്രാസ് ഹൈക്കോടതി വാദം കേള്‍ക്കും.
സഭയില്‍ മുഖ്യമന്ത്രി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിച്ച് കഴിഞ്ഞ ശേഷം രണ്ട് തവണ സഭാ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഈ സമയങ്ങളില്‍ സ്പീക്കര്‍ സഭ വിടുകയും ചെയ്തു.
ഈ സാഹചര്യം വിശ്വാസപ്രമേയം അവതരിപ്പിച്ച രീതിയുടെ നിയമ സാധുത ഇല്ലാതാക്കിയെന്നാണ് ഡി.എം.കെയുടെ വാദം.
രഹസ്യബാലറ്റില്‍ വീണ്ടും വിശ്വാസവോട്ട് തേടണമെന്ന് ഡി.എം.കെയും മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം തമിഴ്‌നാട് നിയമസഭയില്‍ നടന്ന അക്രമ സംഭവങ്ങളെ സംബന്ധിച്ച് നിയമസഭാ സെക്രട്ടറിയോട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭയിലെ വോട്ടെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സ്വീകരിക്കുന്ന നടപടികള്‍ എന്തായിരിക്കുമെന്ന ആശങ്കയിലാണ് ശശികല വിഭാഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."