ജസ്റ്റിസ് ഫോര്‍ ലോയ
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാരിന് വീണ്ടും കുരുക്കായി മഹാരാഷ്ട്ര മഹാ വികാസ് അഘാഡി സഖ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രതിയായിരുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച് വേണ്ടിവന്നാല്‍ പുനരന്വേഷണം നടത്തുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് വ്യക്തമാക്കിയിരിക്കുന്നത്.
സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജിയായിരുന്നു ലോയ. കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രിയായിരുന്ന അമിത് ഷായും പ്രതിയായിരുന്നു. എന്നാല്‍, 2014 ഡിസംബര്‍ ഒന്നിനു നാഗ്പൂരില്‍വച്ച് ദുരൂഹസാഹചര്യത്തില്‍ ജസ്റ്റിസ് ലോയയുടെ മരണം സംഭവിക്കുകയായിരുന്നു. ഇതില്‍ അമിത് ഷായ്ക്കു പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു. കേസില്‍ അനുകൂല വിധി പുറപ്പെടുവിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്നു വ്യക്തമാക്കി ലോയയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. തെളിവുകള്‍ സഹിതം പുതിയ പരാതികള്‍ വന്നാല്‍ കേസ് പുനരന്വേഷിക്കുമെന്നാണ് ഇന്നലെ എന്‍.സി.പി മന്ത്രിമാരുടെ യോഗത്തിനു ശേഷം നവാബ് മാലിക് വ്യക്തമാക്കിയിരിക്കുന്നത്. ശരത് പവാറിന്റെ അധ്യക്ഷതയിലായിരുന്നു ഈ യോഗം. പവാറും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം.
നേരത്തെ, 2018 ഏപ്രിലില്‍ ലോയയുടേതു സാധാരണ മരണമാണെന്നു വ്യക്തമാക്കിയിരുന്ന കോടതി, ഈ കേസ് തള്ളിയിരുന്നു. പുനഃപരിശോധന ആവശ്യപ്പെടുന്ന ഹരജി 2018 ജൂലൈയിലും സുപ്രിംകോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."