ജെ.എന്‍.യു: വി.സിയെ ശാസിച്ചു; മന്ത്രാലയം സെക്രട്ടറിയെ മാറ്റി
ന്യൂഡല്‍ഹി: ഫീസ് വര്‍ധനയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുകയോ അല്ലെങ്കില്‍ രാജിവയ്ക്കുകയോ ചെയ്യണമെന്നു മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ജെ.എന്‍.യു വൈസ്ചാന്‍സലര്‍ എം. ജഗദീഷ് കുമാറിന് അന്ത്യശാസനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.
ഡിസംബര്‍ 11നായിരുന്നു അന്ത്യശാസനം. ചര്‍ച്ച നടത്താമെന്നു വൈസ് ചാന്‍സലര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍, എം. ജഗദീഷ് കുമാര്‍ ചര്‍ച്ച നടത്തിയില്ലെന്നു മാത്രമല്ല, 48 മണിക്കൂറിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ സര്‍ക്കാര്‍ മാറ്റുകയും ചെയ്തു. ഡിസംബര്‍ 13ന് ആര്‍. സുബ്രഹ്മണ്യത്തെ തല്‍സ്ഥാനത്തുനിന്നു മാറ്റിയ സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അമിത് ഖരേയെ തല്‍സ്ഥാനത്തു നിയോഗിച്ചു.
അതിനിടെ, ജനുവരി അഞ്ചിന് വിദ്യാര്‍ഥികളെ കാംപസിനുള്ളില്‍ എ.ബി.വി.പി ഗുണ്ടകള്‍ മര്‍ദിക്കുമ്പോള്‍ പൊലിസിനോട് ഗേറ്റില്‍ നിന്നാല്‍ മതിയെന്നും അകത്തു കടക്കരുതെന്നും വി.സി നിര്‍ദേശിച്ചതായും വാര്‍ത്ത പുറത്തുവന്നു. വസന്ത് കുഞ്ച് എസ്.എച്ച്.ഒ ആയ സൗത്ത് വെസ്റ്റ് ഡല്‍ഹിയുടെ ചുമതലയുള്ള ഡി.സി.പിക്കാണ് വൈസ് ചാന്‍സലര്‍ വാട്ട്‌സ് ആപ്പ് സന്ദേശമയച്ചത്. താന്‍ വിളിച്ചാല്‍ മാത്രമേ അകത്തുവരാവൂ എന്നും വി.സി ആവശ്യപ്പെട്ടിരുന്നു. ഈ വിവരം ഡല്‍ഹി പൊലിസ് തന്നെയാണ് പുറത്തുവിട്ടത്. ഡല്‍ഹി പൊലിസ് നടത്തുന്ന അന്വേഷണത്തില്‍ ഈ സന്ദേശവും രേഖയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."