പരുക്കന്‍ പോരില്‍ ഗോകുലത്തിന് തോല്‍വി
കോഴിക്കോട്: നാടകീയത നിറഞ്ഞ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങി ഗോകുലം കേരള എഫ്.സി. ഇന്നലെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഗോകുലം ചാംപ്യന്‍മാരായ ചെന്നൈ സിറ്റിയോട് അടിയറവ് പറഞ്ഞത്. സ്‌കോര്‍: 3-2. ചെന്നൈയ്ക്കായി സ്പാനിഷ് മുന്നേറ്റതാരം അഡോള്‍ഫോ മിറാന്‍ഡ (45), പകരക്കാരനായി ഇറങ്ങിയ അണ്ടര്‍ 22താരം പ്രവിട്ടോ രാജു(55), ബി ശ്രീറാം(77) എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി. ഗോകുലത്തിനായി രണ്ടാം പകുതിയില്‍ പകരക്കാരന്റെ റോളിലെത്തിയ മലയാളിതാരം ഷിബിന്‍മുഹമ്മദ് (81, 90) ഇരട്ടഗോള്‍ നേടി. ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന ഇരു ടീമുകളും രണ്ടാം പകുതിയില്‍ പരുക്കന്‍കളി പുറത്തെടുത്തപ്പോള്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. കേരളത്തിന്റെ പ്രതിരോധതാരം മുഹമ്മദ് ഇര്‍ഷാദും ഹാറൂണ്‍ അമീരിയും ചെന്നൈയുടെ മഷൂര്‍ ഷെരീഫുമാണ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയത്. തോല്‍വിയോടെ ഗോകുലം ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണിലെ രണ്ടാംജയംനേടിയ ചെന്നൈസിറ്റി അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു.
ഗോകുലത്തിന്റെ ഗോള്‍കീപ്പര്‍ വിഘ്‌നേശ്വരന്‍ ഭാസ്‌കരന്റെ പിഴവില്‍നിന്നാണ് ചെന്നൈയുടെ ആദ്യഗോളിന് വഴിയൊരുങ്ങിയത്. ഇടത് വിങില്‍നിന്ന് ബോക്‌സിനുള്ളിലേക്ക് ലഭിച്ച പന്ത് സ്വീകരിച്ച് കുതിച്ച സ്പാനിഷ്താരം അഡോള്‍ഫോ മിറാന്‍ഡ ഗോകുലം പ്രതിരോധതാരങ്ങളെയും പന്തിനായി മുന്നോട്ട് ഓടിയെത്തിയ ഗോള്‍കീപ്പറേയും ഒരുപോലെ കബളിപ്പിച്ച് പന്ത് വലയിലേക്ക് തട്ടിയിട്ടു. (10). വിരസമായ ആദ്യപകുതിയ്ക്ക് ശേഷം രണ്ടാംപകുതി അത്യന്തം ആവേശകരമായി. സമനില ഗോളിനായി ഗോകുലം നിരന്തരം ആക്രമിച്ചുകളിച്ചു. ഗോളിമാത്രം മുന്നില്‍നില്‍ക്കെ ലഭിച്ച അവസരം ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് നഷ്ടപ്പെടുത്തി. ഗോകുലം പ്രതിരോധത്തിന്റെ വിള്ളലിലൂടെ അയല്‍ക്കാര്‍ രണ്ടാംഗോള്‍ സ്‌കോര്‍ചെയ്തു. 55ാം മിനുട്ടില്‍ മധ്യത്തില്‍നിന്ന് പന്തുമായി മുന്നേറിയ ചെന്നൈയുടെ ജപ്പാന്‍താരം കറ്റ്‌സുമി യുസ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പാസ് സ്വീകരിച്ച് പകരക്കാരന്റെ റോളിലിറങ്ങിയ പ്രവിട്ടരാജു ഗോള്‍ലക്ഷ്യമാക്കി നിറയൊഴിച്ചു. ഗോകുലം ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ടില്‍ പ്രവിട്ടരാജു ലക്ഷ്യംകണ്ടു (2-0). കളി കൈവിടാതിരിക്കാന്‍ ഗോകുലം പരിശീലകന്‍ മലയാളിതാരം ഷിബിന്‍ മുഹമ്മദിനെയും സല്‍മാനെയും നിക്കോളാസ് ഫെര്‍ണാണ്ടസിനേയും കളത്തിലിറക്കി. ഇതോടെ ഗോള്‍ലക്ഷ്യമാക്കി ഇരുവിങുകളിലൂടെയും ഗോകുലം മുന്നേറികളിച്ചു. കേരളടീം മുന്നേറ്റത്തില്‍ ശ്രദ്ധയൂന്നിയ അവസരം മുതലെടുത്ത് നിലവിലെ ചാംപ്യന്‍മാര്‍ മൂന്നാംഗോളും നേടി. 77ാം മിനുട്ടില്‍ മധ്യനിരതാരം സയിദ് സുഹൈല്‍ പാഷയുടെ പാസില്‍ സീറാം ലക്ഷ്യംകണ്ടു (3-0). 81-ാം മിനുട്ടില്‍ ഉഗാണ്ടന്‍ താരം ഹെന്‍ട്രി കിസേക്കയുടെ പാസില്‍ ഷിബിന്‍ മുഹമ്മദ ്(81) ആശ്വാസഗോള്‍ കണ്ടെത്തി. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് 90-ാം മിനുട്ടില്‍ ഗോകുലത്തിന്റെ രണ്ടാംഗോള്‍ പിറന്നത്. മുഹമ്മദ് ഇര്‍ഷാദ് എടുത്ത കിക്ക് സ്വീകരിച്ച ഷിബിന്‍ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കി. എക്‌സ്ട്രാ ടൈമില്‍ സമനില ഗോളിനായി ഗോകുലം എല്ലാശക്തിയും പുറത്തെടുത്തെങ്കിലും ഫലമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."