കോര്‍പറേഷന്‍ ഓഫിസിലെ അഴിമതിക്കാരെ പുറത്താക്കും: മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍
കോഴിക്കോട്: കോര്‍പറേഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥ അഴിമതിക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നു പുതിയ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഇത്തരക്കാര്‍ക്ക് ഒരു സഹായവും ലഭിക്കില്ലെന്നു മാത്രമല്ല ഇവര്‍ക്കെതിരേ നിര്‍ദാക്ഷിണ്യം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കൗണ്‍സില്‍ ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വലിയ ദൗത്യമാണു തന്നില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പ്രാഥമിക ചുമതലയായ ശുചീകരണം ശരിയാക്കാന്‍ പ്രഥമ പരിഗണ നല്‍കും. സംസ്ഥാനത്തു ശക്തമായ സര്‍ക്കാറും ശക്തനായ മുഖ്യമന്ത്രിയുമുണ്ട് എന്നത് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ സമഗ്രവികസനത്തിനു നടപടി സ്വീകരിക്കും. അഴുക്കുചാല്‍ നിറഞ്ഞു മഴവെള്ള പ്രശ്‌നം രൂക്ഷമാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസം മാറ്റിവച്ചു നഗരവികസനത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. മാലിന്യ പ്രശ്‌നപരിഹാരത്തിനു ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. ഉറവിട മാലിന്യസംസ്‌കരണം വേണ്ടത്ര വിജയകരമായിട്ടില്ല. പരീക്ഷണം തുടരുകയാണ്. അതാതു സ്ഥലത്തു സംസ്‌കരിക്കാനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ വികസനത്തിന് കള്‍സള്‍ട്ടേറ്റിവ് കമ്മിറ്റിക്കു രൂപംനല്‍കിയിട്ടുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കും. ജീവനക്കാരുടെ കുറവ് കോര്‍പറേഷന്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് അമിതജോലിഭാരമുണ്ട്. ഒഴിവുള്ള തസ്തികകള്‍ സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യും. എന്‍ജിനീയറിങ് വിഭാഗവും ടൗണ്‍പ്ലാനിങ് വിഭാഗവും ലയിപ്പിച്ചതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതു പരിഹരിക്കും. താന്‍ മേയറായ കാലത്തു തുടങ്ങിയ നഗരത്തിലെ അഴുക്കുചാല്‍ പദ്ധതി ഇനിയും നടപ്പാക്കാന്‍ സാധിച്ചില്ല. മൂന്നുഘട്ടമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി ആദ്യഘട്ടം പോലും പൂര്‍ത്തിയായില്ല. വളര്‍ന്നുവരുന്ന നഗരത്തിന് ഇത് അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കൗണ്‍സിലര്‍മാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷയായി. പരിചയസമ്പന്നനായ മേയറെ തിരിച്ചുകിട്ടിയെന്നു പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സുരേഷ്ബാബു പറഞ്ഞു. സമയകൃത്യത പുലര്‍ത്തുന്ന മേയര്‍ എന്ന നിലയില്‍ കൗണ്‍സിലര്‍മാര്‍ക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടു പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് അംഗം സി. അബ്ദുറഹ്മാന്‍ പറഞ്ഞു. ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ്, നമ്പിടി നാരായണന്‍, അഡ്വ. തോമസ് മാത്യൂ, ആശ ശശാങ്കന്‍ എന്നിവരും പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."