പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് പ്രതിപക്ഷ നേതാവ്
ദമാം: ഇന്ത്യയിൽ ശക്തമായ പൗരത്വ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സഊദി സന്ദർശനം നടത്തുന്ന ഇദ്ദേഹം നഗരിയായ ദമാമിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നുകയായിരുന്നു. ഒഐസിസി ദമാം റീജനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷത്തിൽ എത്തിയതായിരുന്നു ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ നേതൃത്വം ദേശീയതലത്തിൽ കോൺഗ്രസ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച ദേശീയ തലത്തിലെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പൗരത്വ ഭേദഗതി വിഷയംകൊണ്ട് രക്ഷപ്പെട്ടവർ മോദിയും പിണറായി വിജയനുമാണെന്ന് ചെന്നിത്തല പരിഹസിച്ചു.
പൗരത്വ ഭേദഗതി നിയമം ഭരണഘടനയെ വെല്ലുവിളിക്കുന്നു എന്ന് ബോധ്യമുള്ളതുകൊണ്ടാണ് താൻ തന്നെ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വോട്ടിങ് മെഷീനിലെ തിരിമറികളെക്കുറിച്ച് ആരോപണമുണ്ടെങ്കിലും തെളിവുകൾ ഹാജരാക്കാൻ കഴിയാത്തത് പ്രശ്‌നമാണ്. സെൻകുമാറിനെ ഡി.ജി.പിയാക്കിയതിൽ ഖേദിക്കുന്നെന്ന പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, കൂടുതൽ വിശദീകരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനം മലക്കം മറിച്ചിലാണെന്നും ജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കണമെന്ന കോൺഗ്രസ് അഭിപ്രായം തന്നെയാണ് ഇപ്പോൾ കേരള സർക്കാറിനുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കർണാടക മുൻ എം.എൽ.എ മൊയ്‌തീൻ ബാവ, ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡൻറ് അഹമ്മദ് പുളിക്കൽ, നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബ്, റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിറാജ് പുറക്കാട്, റഫീഖ് കൂട്ടിലങ്ങാടി എന്നിവരും പെങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."