ജി.സി.ഡി.എ അഴിമതിയുടെ കൂത്തരങ്ങ്; അന്വേഷണം തുടങ്ങി
കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റിയിലെ മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായി ചെയര്‍മാന്‍ സി.എന്‍ മോഹനന്‍. മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ മുന്‍ഭരണ സമിതി അനുമതി നല്‍കിയ റൂഫ് ടോപ്പ് റസ്റ്ററന്റ് നിര്‍മാണത്തിനെതിരേയും വിജിലന്‍സ് അന്വേഷണം നടത്തും. അംഗീകൃത പ്ലാന്‍ ലംഘിച്ചാണു റസ്റ്റോറന്റ് നിര്‍മിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജേന്ദ്ര മൈതാനത്ത് ആരംഭിച്ച ലേസര്‍ ഷോ പദ്ധതിയും സംസ്ഥാന വിജിലന്‍സിന്റെ അന്വേഷണ പരിധിയിലാണ്. അതോറിറ്റിയുടെ സ്ഥിര നിക്ഷേപ ഫണ്ടില്‍ നിന്നും പിന്‍വലിച്ച തുകയുപയോഗിച്ച് ആരംഭിച്ച ലേസര്‍ ഷോ പദ്ധതി യാഥാര്‍ഥ്യങ്ങളുമായി നിരക്കുന്നതല്ലെന്ന് പരാതികളുയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണം. 4.6 കോടി മുടക്കി ആരംഭിച്ച രാമേശ്വരം കേജ് ഫാമും അന്വേഷണ പരിധിയിലാണ്.
സര്‍ക്കാരില്‍ നിന്നും ആറ് കോടിയുടെ ഭരണാനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ വിചാരിച്ച പോലെ വിളവ് ലഭിക്കാത്തിനെത്തുടര്‍ന്ന് പദ്ധതി തുടരണോ വേണ്ടയോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പദ്ധതി സംബന്ധിച്ചു സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തുകയാണ്. ജിസിഡിഎ ചെയര്‍മാന്റെ ഔദ്യോഗിക വസതിയില്‍ നിന്നും കടത്തികൊണ്ടുപോയ ഒന്നര ലക്ഷത്തിലേറെ രൂപയുടെ സാധന സാമിഗ്രികളെ സംബന്ധിച്ചുള്ള മോഷണ കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലാണ്.
2014ല്‍ രാജേന്ദ്ര മൈതാനത്ത് ആരംഭിച്ച ലേസര്‍ ഷോ ജിസിഡിഎയ്ക്കു നഷ്ടമുണ്ടാക്കി. 4.09 കോടി രൂപ മുടക്കി മഴവില്ലഴക് എന്ന പേരില്‍ ആരംഭിച്ച മള്‍ട്ടിമീഡിയ ലേസര്‍ ഷോയ്ക്ക് ഫീസിബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം രണ്ട് വര്‍ഷം കൊണ്ട് 3.6 കോടി രൂപ സാമ്പത്തിക നേട്ടം ലഭിക്കുമെന്നാണ്. വായ്പയെടുത്തു തുടങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അതോറിറ്റിയുടെ സ്ഥിര നിക്ഷേപ ഫണ്ടില്‍ നിന്നും പിന്‍വലിച്ച തുക ഉപയോഗിച്ചാണ് ലേസര്‍ ഷോ പദ്ധതി ആരംഭിച്ചത്.
പദ്ധതി നടപ്പാക്കുന്നതിനായി സാങ്കേതിക ആവശ്യങ്ങള്‍ക്ക് 3.78 കോടിയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 31.47 കോടിയും ചെലവായിട്ടുണ്ട്. മാസം തോറും 50,000 രൂപയോളം നടത്തിപ്പിനായും ചെലവാകുന്നുണ്ട്. പ്രതിദിനം 50,000 രൂപ കളക്ഷന്‍ പ്രതീക്ഷിച്ച് ആരംഭിച്ച ഷോയ്ക്ക് 500 രൂപ മാത്രമെ കളക്ഷനായി ലഭിച്ചിട്ടുള്ളൂ.
വിഷരഹിത പച്ചക്കറി എന്ന മുദ്രാവാക്യവുമായി ജി.സി.ഡി.എയുടെ മുറ്റത്ത് ആരംഭിച്ച പച്ചക്കറി കൃഷിയില്‍ ഏഴര ലക്ഷം രൂപ മുടക്കിയപ്പോള്‍ തിരികെ ലഭിച്ചത് 769 രൂപ മാത്രമാണ്. നഷ്ടം മാത്രമാണ് ഈ പദ്ധതിയുടെ ഫലം. ഈ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി വാങ്ങിയത് നടി കാവ്യാമാധവന്‍ ആണ്. 179 രൂപയ്ക്ക്. ഇനി പച്ചക്കറി കൃഷി നടത്തുന്നുണ്ടെങ്കില്‍ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തി മാത്രമെ ചെയ്യുകയുള്ളൂവെന്നും ജിസിഡിഎയുടെ മുന്നില്‍ പച്ചക്കറി കൃഷി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."