സഊദി-തുര്‍ക്കി തര്‍ക്കം വിചാരണ അനിശ്ചിതത്വത്തിലാക്കും
റിയാദ്: സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ പ്രതികളുടെ വിചാരണ അനിശ്ചിതത്വത്തിലാകുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ തുടര്‍നടപടികള്‍ക്ക് അവകാശവാദമുന്നയിച്ച് തുര്‍ക്കിയും സഊദിയും തമ്മില്‍ വാഗ്വാദം തുടരുന്നതാണു വിചാരണ നീളാന്‍ ഇടയാക്കുക. സംഭവത്തില്‍ സഊദി അറസ്റ്റ് ചെയ്ത പ്രതികളില്‍ 11 പേരുടെ വിചാരണ കഴിഞ്ഞ ദിവസം റിയാദില്‍ തുടങ്ങിയിരുന്നു.
കൊലപാതകം നടന്നത് തുര്‍ക്കിയിലായതിനാല്‍ പ്രതികളെ തങ്ങള്‍ക്കു വിട്ടുനല്‍കണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം. എന്നാല്‍ ഇതിനു വിസമ്മതിച്ച സഊദി കേസ് നടത്തുന്നതിനും പ്രതികള്‍ക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും തുര്‍ക്കി അവരുടെ പക്കലുള്ള തെളിവുകള്‍ പൂര്‍ണമായും തങ്ങള്‍ക്കു കൈമാറണമെന്നും ആവശ്യപ്പെടുന്നു. സ്വന്തം പൗരന്മാരെ മറ്റു രാജ്യങ്ങള്‍ക്കു വിട്ടുനല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നാണ് സഊദി ഇതിനു പറയുന്ന ന്യായം.
കേസിന്റെ പുരോഗതി അറിയിച്ചും വിചാരണയ്ക്കു സഹായകമായ തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടും ഡിസംബര്‍ 17ന് തുര്‍ക്കി പബ്ലിക് പ്രോസിക്യൂഷന് സഊദി പബ്ലിക് പ്രോസിക്യൂഷന്‍ രണ്ടു കത്തയച്ചിരുന്നു. ഇതിനു മുന്‍പ് ഒക്ടോബറില്‍ മൂന്നു തവണയും ഇതേ ആവശ്യമുന്നയിച്ച് തുര്‍ക്കി പബ്ലിക് പ്രോസിക്യൂഷന് കത്തയച്ചു. എന്നാല്‍, കത്തുകള്‍ക്കൊന്നും തുര്‍ക്കിയുടെ ഭാഗത്തുനിന്ന് ഇതുവരെ മറുപടി ലഭ്യമായിട്ടില്ലെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും സഊദി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
അതിനിടെ ഖഷോഗി വധത്തിലെ പുതിയ സംഭവങ്ങള്‍ അന്വേഷിക്കാനായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സഊദി സന്ദര്‍ശിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അടുത്തയാഴ്ച നടക്കുന്ന പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് സഊദിയിലേക്കു യാത്ര തിരിക്കുയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."