വേഷത്തെ നിരാകരിക്കുന്ന ബഹുസ്വര പോരാട്ടങ്ങള്‍
'സുപ്രധാനവും ശാശ്വതവുമായ രാഷ്ട്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും യാഥാര്‍ഥ്യമാകുന്നത് പാര്‍ലമെന്റിനു പുറത്താണെന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഞാന്‍' - ഗാന്ധിജി. 1942 ജനുവരി 25ലെ ഹരിജന്‍ വാരികയിലാണ് മഹാത്മ ഗാന്ധി ഇങ്ങനെ എഴുതിയത്. ഗാന്ധിജി ഇത്തരമൊരു നിരീക്ഷണം നടത്തുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ നിയന്ത്രിച്ചത് അധിനിവേശ ശക്തികളായിരുന്നു. അതുകൊണ്ട് രാഷ്ട്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിനു പുറത്താണ് യാഥാര്‍ഥ്യമാകുന്നത് എന്ന ചിന്തക്ക് വലിയ പ്രസക്തിയുണ്ട്. എന്നാല്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്റെ തണലില്‍ ജീവിക്കുന്ന ജനതയുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ ഇപ്പോഴും പാര്‍ലമെന്റിന് പുറത്തുനിന്ന് നിര്‍ണയിക്കപ്പെടുന്നു എന്നിടത്താണ് ഗാന്ധിജിയുടെ ഈ നിരീക്ഷണം ഇന്നും പ്രസക്തമാകുന്നത്. സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള രാഷ്ട്രീയ അവകാശത്തെ സ്ഥാപിച്ചെടുക്കാന്‍ പാര്‍ലമെന്റിന് പുറത്ത് പോരാടുകയാണ് രാജ്യത്തെ മുസ്‌ലിം ജനതക്ക് ഒപ്പം മതേതര വിശ്വാസികളും.
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രതിരോധം ഒരേസമയം മര്‍ദിത മത ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന്റെ പ്രശ്‌നമാണെങ്കിലും, അടിസ്ഥാനപരമായി ജനാധിപത്യ ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് പൗരത്വ ബില്‍ മുസ്‌ലിം ജനതക്ക് മാത്രം എതിരാണ് എന്ന സാമാന്യ ബോധത്തെ തിരുത്തേണ്ടി വരുന്നത്. അതിനര്‍ഥം ഇരയുടെ ചെറുത്ത് നില്‍പിനെ നിസ്സാരമായി കാണുക എന്നതല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ നിലനില്‍ക്കുന്നത് രാജ്യത്തെ ഭരണഘടനയിലാണ്. ഈ യാഥാര്‍ഥ്യത്തില്‍ നിന്നാണ് പൗരത്വ ബില്‍ അനധികൃത കുടിയേറ്റക്കാരെ മാത്രം ബാധിക്കുന്ന വിഷയമാണ് എന്ന സംഘ്പരിവാര്‍ വാദത്തെ പ്രതിരോധിക്കേണ്ടത്. അത്തരം തിരിച്ചറിവിലെത്തിയ മതേതര, ജനാധിപത്യവിശ്വാസികളാണ് ഇപ്പോള്‍ ഇന്ത്യയിലെ തെരുവില്‍ പോരാട്ടം നയിക്കുന്നത്. അവരെ നോക്കിയാണ് ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നത് സമരം ചെയ്യുന്നവരെ വേഷം കണ്ടാല്‍ മനസ്സിലാക്കാം എന്ന്. ഇത് സ്വന്തം പൗരന്മാരെ ഭരണകൂടം അപരവല്‍ക്കരിക്കുന്ന രീതിയാണ്. ഒന്നിന് രണ്ട് എന്ന ക്രമത്തില്‍ പാകിസ്താന്‍ പാകിസ്താന്‍ എന്ന വാക്ക് ഉച്ചരിച്ച് ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗങ്ങളെ അപരവല്‍ക്കരിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഭവിഷത്ത് വര്‍ഗീയ ധ്രുവീകരണമാണ്.
ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുകയാണ്. ആ ലക്ഷ്യത്തിലേക്കുള്ള എളുപ്പവഴിയാണ് പൗരത്വ നിയമ ഭേദഗതി. അതിനു വേണ്ടിയാണ് ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവ ദേശീയതയായി പ്രഖ്യാപിക്കാനുള്ള ഈ അരിച്ചെടുക്കല്‍ പ്രക്രിയ. അതില്‍ ഹിന്ദുക്കളും പെട്ടിരിക്കുന്നു. ആ ഹിന്ദുക്കള്‍ പുറത്തുപോയാല്‍ ഉണ്ടാവുന്ന ഭവിഷത്ത് ചെറുതല്ല. അതിനാണ് മുസ്‌ലിംകളെ മാറ്റി നിര്‍ത്തി മറ്റ് ആറുമതങ്ങളെ പരിഗണിച്ചത്. ഇതിന്റെ ന്യായീകരണം ഭൂരിപക്ഷ മതത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ രാജ്യത്ത് യാതൊരു വിധ അവകാശ ലംഘനവും നടക്കുന്നില്ല എന്നതാണ്. ഇപ്പറയുന്ന രാജ്യത്തൊക്കെ സ്വന്തം മതത്തില്‍ നിന്നുള്ള വെടിയുണ്ടകള്‍ക്കാണ് ഇവര്‍ ഇരയാകുന്നത് എന്നത് എത്രയോ കാലങ്ങളായി ലോകം കാണുകയാണ്.
ഹിന്ദുത്വ വാദികളുടെ ഈ വര്‍ഗീയ അജണ്ടയെ സ്ഥാപിച്ചെടുക്കാനുള്ള ന്യായീകരണത്തെ നിരാകരിക്കാനുള്ള തെളിവ് ഇന്ത്യയില്‍ ധാരളം കാണാം. ഹിന്ദുവാണ് എന്ന് പറയുമ്പോള്‍ തന്നെ താഴ്ന്ന ജാതിയില്‍പ്പെട്ടതായതു കൊണ്ട് ഇപ്പോഴും പുറമ്പോക്കില്‍ ജീവിക്കുന്ന കോടിക്കണക്കിന് പേര്‍ ഇന്ത്യയിലുണ്ട്. ഹൈന്ദവ ഭൂരിപക്ഷം നിലനില്‍ക്കുന്നിടത്താണ് ഈ അവസ്ഥ. അവര്‍ എത്രയോ കാലങ്ങളായി തങ്ങളുടെ സ്വത്വത്തെ തിരിച്ചുപിടിക്കാനുള്ള സമരത്തിലാണ്. എന്നിട്ടും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാതെ, പൊതു ഇടങ്ങളില്‍ ഇടപഴകി ജീവിക്കാന്‍ കഴിയാതെ ഇന്ത്യയിലെ ദലിത് ജനത ഇപ്പോഴും സാമൂഹിക ബഹിഷ്‌കരണം അനുഭവിക്കുകയാണ്. ഇവരുടെ ജീവിതം തന്നെയാണ് ഇവരുടെ വേഷം. അതു കൊണ്ടാണ് സ്വന്തം മതക്കാര്‍ തന്നെ ഇവരെ ആള്‍ക്കൂട്ട വധത്തിന്റെ ഇരകളാക്കുന്നത്. അപ്പോഴും ഭരണഘടന നല്‍കുന്ന അവകാശത്തെ സംരക്ഷിക്കാനുള്ള പോരാട്ടം എല്ലാ വേഷപ്പകര്‍ച്ചകളെയും തട്ടിമാറ്റി മുന്നേറുകയാണ്. അത്തരം മുന്നേറ്റത്തില്‍ ഇരകള്‍ മുന്നില്‍ നില്‍ക്കുന്നത് ചിലരെ അസ്വസ്ഥതപ്പെടുത്തുന്നതിന് പല കാരണങ്ങളുണ്ട്. അതിന്റെ രാഷ്ട്രീയം മറ്റൊന്നാണ്.
വേഷവും സമരവും
പ്രധാനമന്ത്രി നരേന്ദ്ര മോദി സമരത്തില്‍ ഏര്‍പ്പെട്ടവരുടെ വേഷത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ബോധ പൂര്‍വമായിരുന്നു. അതിനു ശേഷമാണ് സമരത്തിലെ ചില പ്രത്യക്ഷ ചിഹ്നങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന വിചാരം പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത്. സങ്കര ദേശീയതയുടെ ഭാഗമായുള്ള ബഹുസ്വര ഇന്ത്യയില്‍ മതം വിശ്വാസിയെ സംബന്ധിച്ച് അയാളുടെ സ്വകാര്യതയാണ്. ആ സ്വകാര്യതയാണ് അയാളുടെ വസ്ത്രവും ഭക്ഷണവും. അതിനെ പൊതു ജീവിതത്തിന്റെ ഭാഗമാക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. കാരണം, ഇന്ത്യയിലെ മുഴുവന്‍ മതവിശ്വാസികളും തങ്ങളുടെ വിശ്വാസത്തെ നിര്‍ണയിക്കുന്ന ബാഹ്യ ചിഹ്നങ്ങളെ പൊതു വ്യവഹാരത്തിന്റെ ഭാഗമാക്കിയാല്‍ അത് ഉല്‍പ്പാദിപ്പിക്കുന്ന സാമൂഹികമായ ധ്രുവീകരണം ചെറുതായിരിക്കില്ല. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ പൊതുഇടങ്ങളില്‍ ഇപ്പോള്‍ മതചിഹ്നങ്ങള്‍ സമരത്തിന്റെ സത്തയെ പ്രതിഫലിപ്പിക്കാന്‍ പ്രയോഗിക്കുന്നു. ഉത്തരം ലളിതമാണ്. സ്വാതന്ത്ര്യ സമരകാലത്തെ വിഭജനത്തില്‍, പിറന്ന നാട്ടില്‍ തന്നെ ജീവിക്കാന്‍ ഒരു വ്യക്തി, കുടുംബം, സമൂഹം തീരുമാനിച്ചെങ്കില്‍ അത് അവരുടെ ജനിച്ച ദേശത്തോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ ഭാഗമായി ഉണ്ടായതാണ്. അത്തരമൊരു ജനതയുടെ പൗരത്വ നിഷേധത്തിന് കാരണം, അവരുടെ മതമാണെങ്കില്‍ ആ മതം തന്നെയല്ലേ അവരുടെ പ്രതിരോധത്തെ നിര്‍ണയിക്കുക..ഈ നിരീക്ഷണം മതവിശ്വാസിയെ സംബന്ധിച്ച് ശരിയായി തോന്നാം. എന്നാല്‍ മതേതര സമൂഹത്തില്‍ സ്വത്വാധിഷ്ഠിത പ്രതിരോധങ്ങള്‍ സമരത്തിന്റെ ബഹുസ്വരതയെ നിരാകരിക്കും എന്നതൊരു യാഥാര്‍ഥ്യമാണ്. അതിനെ മറികടന്ന് സമരത്തിന്റെ ഭാഗമാക്കാന്‍ എങ്ങനെ മത വിശ്വാസിയല്ലാത്ത ഒരാള്‍ക്ക് കഴിയും. അവിടെയാണ് ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും എന്ന നിരീക്ഷണം പ്രസക്തമാകുന്നത്. അപ്പോഴാണ് പൗരത്വം എന്നത് വിവേചനത്തില്‍ നിന്ന് നിഷേധത്തില്‍ എത്തുമ്പോള്‍ അതിന്റെ കാരണം മതമാണ് എന്ന സത്യത്തെ മതേതര, മതരഹിതര്‍ക്ക് പോലും നിഷേധിക്കാന്‍ കഴിയാതെയായത്.
അത്തരമൊരിടത്ത് ഇരകള്‍ തങ്ങളുടെ മതത്തെപ്രതിരോധമായി ഉപയോഗിക്കുമ്പോള്‍ ജനാധിപത്യ സമൂഹം സമരസപ്പെട്ടു പോകുക സ്വാഭാവികം. എന്നാല്‍ അതിനെ അതിവൈകാരിക മതബോധത്തിന്റെയോ, പ്രത്യക്ഷ്യ മതവല്‍ക്കരണത്തിന്റെയോ ഭാഗമായി കാണുമ്പോള്‍ മറുഭാഗത്ത് തീവ്രഹിന്ദുത്വത്തിന് അത് ശക്തി പകരും. അതിനെ പ്രതിരോധിക്കാന്‍ ബഹുസ്വര സമൂഹത്തിന്റെ ഒപ്പം ചേര്‍ന്ന് സമരത്തെ പൂര്‍ണമായും ജനാധിപത്യവല്‍ക്കരിക്കുകയാണ് വേണ്ടത്. അവിടെ ഇരകള്‍ക്ക് കാവല്‍ ജനാധിപത്യ ഇന്ത്യയാണ്.
ഇക്കാലത്ത് ന്യൂനപക്ഷത്തെ സംരക്ഷിക്കേണ്ടത് മതത്തെക്കാള്‍ രാഷ്ട്രീയമാണ് എന്നതാണ് ശരിയായ വായന. കേരളത്തില്‍ ഇടതു വലതു കക്ഷികള്‍ ഒന്നിച്ചു പൗരത്വ ബില്ലിനെ എതിര്‍ക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം രാഷ്ട്രീയ ഐക്യപ്പെടലിന്റെതാണ്. അത്തരമൊരു സാഹചര്യത്തില്‍ സ്വത്വാധിഷ്ഠിത തീവ്ര മതസംഘടനകള്‍ സമരത്തെ നയിക്കുമ്പോള്‍ വിഷയത്തിന്റെ പ്രാധാന്യം രാഷ്ട്രീയത്തെക്കാള്‍ മതത്തിന് കിട്ടുന്നു എന്ന വാദം ബലപ്പെട്ടു വരുന്നുണ്ട്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. തീവ്ര മതബോധത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക വര്‍ഗീകരണം നടത്തുന്ന ഏത് മത സംഘടനകളും രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അപകടകരമാണ്. ഇന്ത്യയെ സംബന്ധിച്ച് ഏതൊരു മതരാഷ്ട്ര വാദവും, മതാഭിമുഖ്യ രാഷ്ട്ര വാദവും തെറ്റാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടതാണ്. അതിന് കഴിയുക മതേതര ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് മാത്രമാണ്. ഈ അവസരത്തില്‍ ഇരകളുടെ മതം അപ്രസക്തമാണ് എന്ന് ധരിക്കരുത്. പൗരത്വ വിവേചനത്തിന്റെയും നിഷേധത്തിന്റെയും അടിസ്ഥാനം മതം മാത്രമാണ് എന്നും അതിന് ഉപയോഗിച്ചത് ഇന്ത്യയുടെ മഹത്തായ ഭരണഘടനയാണ് എന്നും വിളിച്ചു പറയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."