ചെമ്പടയുടെ കുതിപ്പിന് സിറ്റിയുടെ ബ്ലോക്ക്
ലണ്ടണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്ലോക്ക്. കഴിഞ്ഞ ദിവസം സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു സിറ്റിയുടെ ജയം. സീസണിലെ 21മത്തെ മത്സരത്തിലാണ് ലിവര്‍പൂള്‍ സിറ്റിക്കുമുന്നില്‍ അടിയറവ് പറഞ്ഞത്.
കഴിഞ്ഞ സീസണില്‍ അപരാചിത കുതിപ്പ് നടത്തി കിരീടത്തിലേക്ക് അടുക്കുകയായിരുന്ന സിറ്റിയുടെ കുതിപ്പിന് തടയിട്ടത് ലിവര്‍പൂളായിരുന്നു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളും സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം നാലായി ചുരുങ്ങി. ജയത്തോടെ ഒന്നാമതുള്ള തങ്ങളുടെ ലീഡ് പത്താക്കി ഉയര്‍ത്തുകയെന്ന ലിവര്‍പൂളിന്റെ സ്വപ്നങ്ങള്‍ ഇതോടെ പൊളിഞ്ഞു.
സീസണിലെ ഏറ്റവും നിര്‍ണായക മത്സരത്തില്‍ ജയം കണ്ടെത്തിയ സിറ്റി വീണ്ടും കിരീടത്തിലേക്കുള്ള വഴിയില്‍ പ്രവേശിച്ചു. ഇരുപകുതികളിലുമായി സെര്‍ജിയോ അഗ്യൂറോ (40), ലിറോയ് സാനെ (72) എന്നിവരുടെ ഗോളുകള്‍ക്കാണ് സിറ്റി സീസണിലെ നിര്‍ണായക ജയം സ്വന്തമാക്കിയത്. 64-ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ടോട്ടനത്തെ മറികടന്ന് രണ്ടാം സ്ഥാനം ഒന്ന് കൂടി ഉറപ്പിക്കുകയും ചെയ്തു. ഇരു ടീമുകളും ജയം കൊതിച്ച മത്സരത്തില്‍ ലിവര്‍പൂള്‍ സിറ്റിയുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തുകൊണ്ടേയിരുന്നു. പക്ഷെ നിര്‍ഭാഗ്യം കൊണ്ട് മാത്രം ലിവര്‍പൂളിന്റെ പല ഗോള്‍ അവസരങ്ങളും പാഴായി. ഈ മാസം 12ന് ബ്രൈടണുമായിട്ടാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. മാഞ്ചസ്റ്റര്‍ സിറ്റി വോള്‍വ്‌സിനെയും നേരിടും.
സില്‍വക്ക് റെക്കോര്‍ഡ്
കഴിഞ്ഞ ദിവസം നടന്ന ലിവര്‍പൂള്‍- മാഞ്ചസ്റ്റര്‍ സിറ്റി മത്സരം നിരവധി റെക്കോര്‍ഡുകള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. സ്പാനിഷ് താരം ഡേവിഡ് സില്‍വയും ഇന്നലെ പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ സബ് ചെയ്യപ്പെട്ട താരം എന്ന റെക്കോര്‍ഡാണ് സില്‍വ സ്വന്തമാക്കിയത്. 120 തവണയാണ് താരം പ്രീമിയര്‍ ലീഗില്‍ പകരക്കാരനായത്.
സമനിലയുമായി റയല്‍
സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് സമനിലയുമായി രക്ഷപ്പെട്ടു.
എവേ മത്സരത്തില്‍ വിയ്യാറയലിനോടാണ് റയല്‍ 2-2 ന്റെ സമനില കൊണ്ട് രക്ഷപ്പെട്ടത്.
ജയത്തിലേക്കു നീങ്ങുകയായിരുന്ന റയലിനെ 82-ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ വിയ്യാറയല്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. വിയ്യാറയലിന്റെ രണ്ടണ്ടു ഗോളുകളും നേടിയത് സാന്റി കസോര്‍ലയാണ്. ആദ്യ ഗോള്‍ നാലാം മിനുട്ടിലായിരുന്നു. റയലിന് വേണ്ടി ഫ്രഞ്ച് താരം കരീം ബെന്‍സേമയും റാഫേല്‍ വരാനും ഗോള്‍ നേടി. ഇന്ന് വൈകിട്ട് 5.30ന് വല്ലലോയിഡും റയോ വല്ലാക്കാനോയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 8.45ന് നടക്കുന്ന മത്സരത്തില്‍ അലാവെസും വലന്‍സിയയും തമ്മില്‍ കൊമ്പുകോര്‍ക്കും.
അഗ്യൂറോക്കും റെക്കോര്‍ഡ്
ലണ്ടന്‍: കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോക്കും റെക്കോര്‍ഡ്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ലിവര്‍പൂളുമായി കളിച്ച ഏഴ് മത്സരത്തിലും അഗ്യൂറോ ഗോള്‍ കണ്ടെത്തി. ഇതാണ് താരത്തെ റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസത്തെ ഗോളോടെ ലീഗ് കരിയറിലെ 250-ാം ഗോളും അഗ്യൂറോ സ്വന്തമാക്കി. ഇതില്‍ 153 ഗോളും പ്രീമിയര്‍ ലീഗിലാണ് നേടിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."