പ്രതിഷേധം ഒരുമുഴം മുന്‍പേ...
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തു പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കൊല്‍ക്കത്തയിലെത്തുന്നു. ഇന്നു വൈകീട്ടോടെ നഗരത്തിലെത്തുന്ന പ്രധാനമന്ത്രിക്കെതിരേ വന്‍ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായെത്തുന്ന അദ്ദേഹം ഇന്നും നാളെയും സംസ്ഥാനത്തുണ്ടാകും.
നേരത്തെ, പ്രതിഷേധങ്ങള്‍ ഭയന്ന് കഴിഞ്ഞ ദിവസത്തെ അസം സന്ദര്‍ശനം പ്രധാനമന്ത്രിക്കു റദ്ദാക്കേണ്ടിവന്നിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗമായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍, കനത്ത പ്രതിഷേധമുണ്ടാകുമെന്നും വിമാനത്താവളം വളയുമെന്നും ഇടതു സംഘടനകളടക്കം വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ ഭൂരിഭാഗം യാത്രയും ഹെലികോപ്റ്റര്‍ മാര്‍ഗമാക്കിയിട്ടുണ്ട്. ഗോ ബാക്ക് വിളികളും കരിങ്കൊടികളുമായി പ്രധാനമന്ത്രിയെ വരവേല്‍ക്കുമെന്നു പ്രഖ്യാപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡുകളിലെല്ലാം പൊലിസ് ബാരിക്കേഡുകള്‍ വച്ച് സുരക്ഷയൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സഞ്ചരിക്കുന്നയിടങ്ങളിലെല്ലാം കനത്ത പ്രതിഷേധമുണ്ടാകുമെന്നാണ് ഇടതു സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായ സമരങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഇവിടെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ കീഴിലുള്ള സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നിയമത്തെ നിശിതമായി വിമര്‍ശിക്കുകയും അതു സംസ്ഥാനത്തു നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."